കോന്നി കെഎസ്ആർടിസി ഡിപ്പോ വൈകും; ന്യായമായ വില കിട്ടണമെന്ന് സ്ഥലമുടമ
1585238
Thursday, August 21, 2025 3:42 AM IST
കോന്നി: കെഎസ്ആർടിസി യുടെ സ്വപ്ന പദ്ധതിയായ കോന്നി ഡിപ്പോ സ്വന്തം സ്ഥലത്തും കെട്ടിടത്തിലും പ്രവർത്തനം തുടങ്ങാൻ വൈകും. സ്വകാര്യ വ്യക്തിയുടെ ഭൂമിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തർക്കത്തിൽ ഹൈക്കോടതിയുടെ ഇടപെടലാണ് പദ്ധതിക്ക് ഇടങ്കോലായത്.
2011 ൽ കോന്നി ഗ്രാമപഞ്ചായത്ത് നിർദ്ദേശിച്ച 2.41 ഏക്കർ തരിശ് പാടശേഖരം ഡിപ്പോയുടെ നിർമാണത്തിനായി കണ്ടെത്തിയിരുന്നു. വാക്കാലുള്ള കരാറുകളിലൂടെ 2013 ൽ ഈ ഭൂമി കരയാക്കി സർക്കാർ ഏറ്റെടുത്തെങ്കിലും ഭൂ ഉടമകൾക്ക് അന്നത്തെ നിരക്കിൽ നഷ്ടപരിഹാരം നൽകുന്നതിൽ കൃത്യമായ നടപടികൾ ഉണ്ടായില്ല.
എന്നാൽ അഞ്ച് ഭൂ ഉടമകളും പദ്ധതിക്ക് അനുകൂല നിലപാടിലായിരുന്നു. നിർദിഷ്ട സ്ഥലത്തു നടന്ന കയർ മേളയിലൂടെ ലഭിച്ച 25 ലക്ഷം രൂപ ഉൾപ്പെടെ പഞ്ചായത്ത് മൊത്തം 45 ലക്ഷം രൂപ നാല് ഭൂ ഉടമകൾക്ക് നൽകിയിരുന്നു.
വിലനിശ്ചയ തർക്കം
1.10 ഏക്കർ സ്ഥലമാണ് നിലവിൽ തർക്കവിഷയമായത്. കോന്നി ചേരിയിൽ വീട്ടിൽ രവി നായരാണ് സ്ഥലം ഉടമ. ഈ ഭൂമിക്ക് 18 ലക്ഷം രൂപ നൽകാൻ പഞ്ചായത്ത് തയാറായിരുന്നുവെങ്കിലും അർഹിക്കുന്ന പൂർണവില ലഭിക്കണമെന്നാവശ്യപ്പെട്ട് രവി നായർ പഞ്ചായത്ത് വാഗ്ദാനം ചെയ്ത തുക നിരസിക്കുകയായിരുന്നു.
അതേസമയം രവി നായരുടെ സഹോദരൻ രാജൻ നായർ തങ്ങൾക്ക് ഭൂമിയിൽ തർക്കങ്ങളില്ലെന്നുറപ്പു നൽകിയിരുന്നതായി മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു വെളിയത്ത് പറയുന്നു.
ഹൈക്കോടതിയുടെ നിർണായക ഉത്തരവ്
ഭൂവില സംബന്ധിച്ച തർക്കവുമായി രവി നായർ ഹൈക്കോടതിയെ സമീപിച്ചതോടെ, പഞ്ചായത്തിനു നൽകിയ ഭൂമി അളന്നു തിരിച്ചുനൽകാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടു. നിലവിൽ, ഡിപ്പോയുടെ ഓഫീസും ഗാരേജും പാർക്കിംഗും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായിട്ടും നിയമപരമായ തടസം നീങ്ങാതെ പ്രവർത്തനം സാധ്യമല്ലെന്ന സ്ഥിതിയിലാണ്.
ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതിലേക്ക് നിലവിൽ ആറു കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ട്. കരാറില്ലാതെ ഭൂമി കൈവശമാക്കിയതിനാൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ അളവ് രേഖപ്പെടുത്തി ഉടമയ്ക്കു തിരികെ നൽകിയിട്ടുണ്ട്.
ന്യായവില ലഭിച്ചാൽ ഭൂമി നൽകുമെന്ന് രവി നായർ
താൻ വികസനത്തിനെതിരല്ലെന്ന നിലപാടാണ് രവി നായർക്ക് ഇപ്പോഴുമുള്ളത്. സ്വന്തമായി കരം അടയ്ക്കുന്ന ഭൂമിക്ക് നിയമപരമായി ന്യായമായ വില വേണമെന്ന് മാത്രമാണ് ആവശ്യം. ഇതിനു വേണ്ടിയുള്ള ചർച്ചൾക്ക് ഒരുക്കമാണെങ്കിലും, നടപടി സ്വീകരിക്കാതെ ആശ്വാസവാക്കുകളിലൊതുങ്ങുകയാണ് അധികാരികളെന്നും അദ്ദേഹം പറഞ്ഞു. 2023വരെ കരം സ്വീകരിച്ചിരുന്ന ഭൂമിക്ക് 2024 ൽ കരം സ്വീകരിക്കാൻ പറ്റില്ലെന്ന് വില്ലേജ് അധികൃതർ വ്യക്തമാക്കിയതോടെയാണ് കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഇടപെട്ട ശേഷം മാത്രമാണ് കരം സ്വീകരിക്കാൻ അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കെഎസ്ആർടിസി ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കാൻ ശ്രമിച്ചതായും രവി നായർ ആരോപിച്ചു.
ഭൂമിയുടെ വില സംബന്ധിച്ച് നിലനിൽക്കുന്ന തർക്കം പരിഹരിക്കാനായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പോയി കണ്ടിരുന്നതായി രവി നായർ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് നടപടി എടുക്കാൻ വകുപ്പിന് കഴിയില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്. സ്ഥലം എംഎൽഎയോടും മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചിരുന്നതായും രവി നായർ പറഞ്ഞു.
ചെലവഴിച്ചത് ആറുകോടിയിലധികം
ആറു കോടിയോളം രൂപയയാണ് ഡിപ്പോ നിർമാണത്തിനായി ഇതേവരെ ചെലവഴിച്ചത്. കോന്നിയിൽ കെഎസ്ആർടിസിയുടെ ഓപ്പറേറ്റിംഗ് സെന്ററും സബ് ഡിപ്പോയുമെന്ന ആശയം വർഷങ്ങൾക്കു മുന്പേ ഉള്ളതാണ്. ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ഡിപ്പോ ആവശ്യാണെന്ന അഭിപ്രായം സജീവമായിരുന്നു.
വികസന സാധ്യതകൾ മുന്നിൽക്കണ്ട് തുടക്കമിട്ട ഡിപ്പോ നിലവിൽ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്. മുൻ എംഎൽഎ അടൂർ പ്രകാശും നിലവിലെ എംഎൽഎ കെ.യു. ജനീഷ് കുമാറും ആറു കോടിയോളം രൂപ വിവിധ പദ്ധതികളിലായി ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.
ഇപ്പോൾ രവി നായർ ആവശ്യപ്പെടുന്ന നിലയിൽ ഭൂമി വില നൽകാൻ പത്തു കോടി രൂപ കൂടി പഞ്ചായത്ത് കണ്ടെത്തേണ്ടിവരും. അതിനുള്ള സാധ്യത കുറവാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു.