ചെന്നീർക്കരയിൽ ഭിന്നശേഷിക്കാർക്കായി ഒരു ഗ്രാമം
1585243
Thursday, August 21, 2025 3:42 AM IST
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ ഭിന്നശേഷിക്കാര്‍ക്കൊരു ഗ്രാമം ഒരുങ്ങുന്നു. ഫെയ്റിലാൻഡ് എന്നു നാമകരണം ചെയ്ത് ഊന്നുകൽ വലിയവീട്ടിൽ സജി ഏബ്രഹാമിന്റെ സ്വപ്നപദ്ധതി ഇന്നു പത്തനാപുരം ഗാന്ധിഭവന് ഔദ്യോഗികമായി കൈമാറും.
ഫലവൃക്ഷങ്ങളും പൂന്തോട്ടങ്ങളും പാര്‍ക്കുമടക്കം പ്രകൃതിസൗന്ദര്യം നിറഞ്ഞ മനോഹരമായ ഫെയ്റിലാൻഡ് കുട്ടികൾക്ക് പ്രത്യേക അനുഭവം തന്നെ നൽകും. മൺകട്ടകളും ഓടും ഉപയോഗിച്ചുള്ള പരന്പരാഗത നിർമാണശൈലിയിൽ ലാറി ബക്കർ രൂപകല്പന നിറഞ്ഞു നിൽക്കുന്നു.
32 വർഷമായി ഖത്തറിൽ ജോലിയെടുക്കുന്ന സജി ഏബ്രഹാം വാങ്ങിയ രണ്ടര ഏക്കർ സ്ഥലത്താണ് പ്രകൃതിയെ ഒട്ടും ചൂഷണം ചെയ്യാതെ ഫെയ്റി ലാൻഡ് പണിതുയർത്തിയത്. രണ്ടു കോടി രൂപയിലധികം ചെലവഴിച്ച് നിർമിച്ച സംവിധാനങ്ങളാണ് ചുറ്റമുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള താമസസൗകര്യം, സ്കൂൾ എന്നിവയാണ് പദ്ധതിയിട്ടിരിക്കുന്നത്.
അശരണരും പരസഹായം വേണ്ടവരുമായ ആളുകളെ ചേർത്തു നിർത്തണമെന്ന സജിയുടെ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയാണിത്. പത്തനാപുരം ഗാന്ധിഭവൻ പദ്ധതി ഏറ്റെടുത്തു നടപ്പാക്കാൻ സന്നദ്ധമായതോടെ നിർവഹണച്ചുമതല പൂർണമായി കൈമാറി.
ഭിന്നശേഷിയുള്ള നൂറ് കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാന്‍ സൗകര്യമുണ്ട്. അതോടൊപ്പം അവരുടെ ശാരീരിക മാനസിക ആരോഗ്യ വികസനത്തിന് ആവശ്യമായ എല്ലാ പദ്ധതികളും ഒരുക്കിയിട്ടുണ്ട്.
സമീപമുള്ള പുരയിടം പൂർണമായി പഴവർഗ കൃഷിയ്ക്കാണ് സജി ഉപയോഗിച്ചിരിക്കുന്നത്. പുറമേ നിന്നു വരുന്നവർക്ക് ഏറെ ആസ്വാദ്യകരമായി തോന്നുന്ന വിധത്തിലാണ് നിർമാണം. ഇന്നുരാവിലെ 9.30ന് ഫെയ്റി ലാൻഡിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും.