പകർച്ചപ്പനി പടരുന്നു; സ്കൂളുകളിൽ ഹാജർ കുറവ്
1585249
Thursday, August 21, 2025 3:56 AM IST
റാന്നി: പകർച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. സ്കൂളുകളിൽ ഹാജർനിലയിലെ കുറവ് ഓണക്കാല പരീക്ഷകളെയും ബാധിച്ചു. ഇടവിട്ടുള്ള ശക്തമായ മഴയും ഇടയ്ക്കു തെളിയുന്ന വെയിലും കുട്ടികളിലടക്കം പനി വ്യാപിക്കാൻ കാരണമായി.
വൈറസ് ബാധ മൂലമുള്ള ഇൻഫ്ലുവൻസ ഉൾപ്പെടെ പടരുന്നതാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. കോവിഡും വ്യാപകമാകുന്നതായി പറയുന്നു. പരിശോധനകൾ കുറവായതിനാൽ കോവിഡ് ബാധിതരെ തിരിച്ചറിയാനാകുന്നില്ല. തുമ്മൽപ്പനിയാണ് ആദ്യം ഉണ്ടാകുന്നതെങ്കിലും ഇതു പിന്നീട് ശക്തമായ ശരീര, തലവേദനകൾക്കു കാരണമാകുന്നു.
പനി ബാധിച്ചു കഴിഞ്ഞാൽ ഏറെ ദിവസത്തെ ചികിത്സയ്ക്കു ശേഷമേ വിട്ടുമാറൂ. വേഗത്തിൽ പടരുന്നതിനാൽ സ്കൂളുകളിലും മറ്റും പ്രതിസന്ധിയും സൃഷ്ടിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി പല സ്കൂളുകളിലും പകർച്ചപ്പനി കാരണം കുട്ടികളിൽ നല്ലൊരു പങ്കും സ്കൂളിലെത്തുന്നില്ല. അപകടകാരിയായേക്കാവുന്ന ഇൻഫ്ലുവൻസ രോഗം വരെയാണ് ചിലേടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ, ആരോഗ്യവകുപ്പാകട്ടെ മൗനത്തിലുമാണ്.
മാസ്ക് വേണ്ടി വരും
വൈറസ് രോഗമായ ഫ്ലൂ, ഇൻഫ്ലുവൻസ സാധാരണ ജലദോഷമായി കുരുതാറുണ്ടെങ്കിലും ഇതു ശരീരത്തെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. കുട്ടികളിലും ഗർഭിണികൾ, പ്രായമായവർ എന്നിവരിൽ ചിലപ്പോൾ ഗുരുതരമായേക്കാം.
ന്യുമോണിയ, ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ്, അണുബാധ തുടങ്ങിയ സങ്കീർണതകളിലേക്ക് എത്തപ്പെടാനും സാധ്യതയുണ്ട്. രോഗം കുറഞ്ഞാലും ക്ഷീണം, ചുമ, ശരീര വേദന എന്നിവ മാറാൻ സമയമെടുക്കും. സ്കൂളുകളിലും ജനത്തിരക്കേറിയ ഇടങ്ങളിലും രോഗം പിടിപെടലിനും വ്യാപനത്തിനും സാധ്യതയേറെയാണെങ്കിലും കുട്ടികളിലേറെയും മാസ്ക് ഉപയോഗിക്കുന്നതായി കാണുന്നില്ല.
ഒരാളിൽ രോഗലക്ഷണങ്ങൾ തുടങ്ങുന്നതിനും ഒരു ദിവസം മുമ്പേ വൈറസ് മറ്റുള്ളവരിലേക്കും പകരാൻ തുടങ്ങുന്ന രോഗമാണിത്. പിന്നീട് ശക്തമാകാനും സാധ്യതയുണ്ട്. മാസ്ക് ഉപയോഗം കുറഞ്ഞതും രോഗം വേഗം പടരാൻ കാരണമായി.