ജില്ലയിലെ കാർഷികമേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകണം: ചിറ്റയം ഗോപകുമാർ
1585248
Thursday, August 21, 2025 3:56 AM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുന്നതിന് ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ. പത്തനംതിട്ട പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മലയോരമേഖയിൽ വന്യജീവി ആക്രമണം, പന്നിശല്യം ഇവ വർധിച്ചുവരികയാണ്. കേന്ദ്ര നിയമങ്ങൾ ഇതിനു തടസമായി നിൽക്കുകയാണന്നും വേണ്ടിവന്നാൽ പ്രക്ഷോഭപരിപാടി സംഘടിപ്പിക്കുമെന്നും ചിറ്റയം പറഞ്ഞു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ നിരന്തരമായ സമ്മർദം ചെലുത്തിയിട്ടും കേന്ദ്ര തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
പന്നിയുടെ ശല്യം കാരണം കാർഷികമേഖല പൊറുതിമുട്ടിയിരിക്കുകയാണ്. കാർഷിക വിളകൾക്കു സംരക്ഷണം നൽകിയില്ലെങ്കിൽ ഉത്പാദന മേഖലയിൽ ഇടിവുണ്ടാകും. പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ടെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.
ജില്ലയിൽ അർഹരായവർക്കെല്ലാം പട്ടയം നൽകണമെന്നതാണ് എൽഡിഎഫ് നയം. ഇതിനാവശ്യമായ നടപടികൾക്കു വേഗം കൈവന്നിട്ടുണ്ട്. പട്ടയം വിതരണവുമായി ബന്ധപ്പെട്ട് നിരന്തരമായ ഇടപെടലാണ് സർക്കാർ നടത്തിവരുന്നത്. കേന്ദ്രാനുമതി അടക്കം ലഭ്യമാകേണ്ട പട്ടയങ്ങളുടെ വിതരണമാണ് വൈകുന്നത്.
മുമ്പെങ്ങും ഇല്ലാത്ത വികസനം എൽഡിഎഫ് ഭരണത്തിൽ ജില്ലയിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കേന്ദ്രത്തിൽ ആർട്ട് ഗാലറിയും സാംസ്കാരിക സമുച്ചയവും അത്യാവശ്യമാണ്. ഇതു നടപ്പാക്കാൻ പരിശ്രമിക്കുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. അബാൻ മേൽപാലം നിർമാണം വൈകുന്നതു സംബന്ധിച്ച ആക്ഷേപത്തെക്കുറിച്ച് പഠിച്ചു പ്രതികരിക്കാമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.
ആനുപാതികമായ സീറ്റുകൾ വേണം
തദ്ദേശ സ്ഥാപന വാർഡുകളുടെ എണ്ണത്തിൽ വർധനയുണ്ടായ സാഹചര്യത്തിൽ എൽഡിഎഫ് സീറ്റുവിഭജന വേളയിൽ സിപിഐ സീറ്റുകളിൽ ആനുപാതിക വർധന ആവശ്യപ്പെടുമെന്ന് ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ. ഇടതുമുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തദ്ദേശ സ്ഥാപന, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐക്ക് കൂടുതൽ ജനപ്രതിനിധികളെ സൃഷ്ടിക്കുന്നതിനൊപ്പം എൽ ഡിഎഫിനും അംഗബലം കൂടണം.ജില്ലാ സമ്മേളനത്തോടുകൂടി പാർട്ടിയിലെ തർക്കങ്ങൾ പരിഹരിച്ച്എല്ലാവരും യോജിച്ചാണ് പോകുന്നത്. മെംബർഷിപ്പിലെ കുറവു പരിശോധിക്കും. ജില്ലയ്ക്കു പുറത്തുനിന്നുള്ള ആളാണ് ജില്ലാ സെക്രട്ടറി എന്ന ആക്ഷേപത്തിന് കഴമ്പില്ല.
താൻ വർഷങ്ങളായി പത്തനംതിട്ട ജില്ലക്കാരനാണ്. എ.പി. ജയൻ ജില്ലാ സെക്രട്ടറിസ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും ചിറ്റയം പറഞ്ഞു. ഈ സമയത്ത് തനിക്കു കൊല്ലം ജില്ലയുടെ സംഘടനാ ചുമതലയായിരുന്നതിനാൽ പത്തനംതിട്ടയിലെ ചർച്ചകളിൽ പങ്കാളിയായിരുന്നില്ല. സിപിഐ - സിപിഎം ബന്ധം ജില്ലയിൽ നല്ല നിലയിലാണന്നും അദ്ദേഹം പറഞ്ഞു.