ഇക്കോ ടൂറിസം സാധ്യതകളുമായി കുളനട രാമൻചിറ
1585074
Wednesday, August 20, 2025 3:44 AM IST
പന്തളം: കുളനട രാമന്‍ചിറ കേന്ദ്രീകരിച്ച് മിനി ഇക്കോ ടൂറിസം പദ്ധതിക്ക് സാധ്യത തെളിയുന്നു. പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മുഖേന രാമൻചിറ നവീകരിച്ചതിനെത്തുടര്ന്നാണ് മിനി ഇക്കോ ടൂറിസത്തിനുള്ള ആലോചന തുടങ്ങിയത്.
മീന്‍ വളര്‍ത്തല്‍, കുട്ടവഞ്ചി സവാരി, കുട്ടികള്‍ക്കു വേണ്ടിയുള്ള മിനി പാര്‍ക്ക്, ഇരുകരകളിലും മുളമര ആകൃതിയില്‍ പച്ച, മഞ്ഞ നിറങ്ങളില്‍ സിമന്റ് ബഞ്ചുകള്‍ സ്ഥാപിച്ച് വിശ്രമസ്ഥലം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നത്. അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചിറ നവീകരണം പൂര്‍ത്തിയായിരിക്കുന്നത്.
പണ്ടുകാലത്ത് പുഞ്ചപ്പാടത്ത് നെല്‍കൃഷിക്ക് വെള്ളമെത്തിക്കാന്‍ അഞ്ചേക്കര്‍ വിസ്തൃതിയില്‍ കര്‍ഷകര്‍ വെട്ടിയുണ്ടാക്കിയതാണ് ചിറ. പോളയും പായലും നിറഞ്ഞു നശീകരണത്തിന്റെ വക്കിലെത്തിയതായിരുന്നു. പോളയും പായലും നീക്കം ചെയ്തും വശങ്ങളില് കരിങ്കല്‍ഭിത്തി കെട്ടിയുമാണ് ചിറ നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
സ്വാതന്ത്ര്യദിനം ആഘോഷിച്ച് തൊഴിലാളികൾ
രാമൻചിറ നവീകരണത്തില്‍ പങ്കാളികളായ തൊഴിലുറപ്പു തൊഴിലാളികള്‍ ചിറയരികില്‍ ഒത്തുചേര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നു. 200 മീറ്ററോളം നീളം വരുന്ന ദേശീയ പതാക വിരിച്ചുപിടിച്ച് ചിറയുടെ തുടര്‍വികസനം നടത്തുമെന്ന് പ്രതിജ്ഞയുമെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ സിബി നൈനാന് മാത്യു അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യസമര സേനാനി ഭജേ ഭാരതം എം. മത്തുണ്ണിയുടെ കുടുംബാംഗം ജോ മാമ്മന്‍ പതാക ഉയര്‍ത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. മോഹന്‍ദാസും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഉണ്ണികൃഷ്ണപിള്ളയും ചേര്‍ന്ന് ജോ മാമ്മനെ ആദരിച്ചു തുടര്‍ന്ന് അമൃത സരോവറിന്റെ ചരിത്ര പ്രാധാന്യം വിവരിക്കുന്ന പൈതൃക നടത്തവും തിരംഗ യാത്രയും നടത്തി. കുട്ടികളുടെ കലാപരിപാടികളും നടന്നു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാദേവി, പഞ്ചായത്ത് അംഗം ബിജു പരമേശ്വരന്, സെക്രട്ടറി സി. അംബിക, വിഇഒ കെ.ആര്. രാഹുല്‍, എന്‍ജിനിയര്‍ വി.യു. അഭിഷേക്, ഓവര്‍സിയര്‍ രാജലക്ഷ്മി, സി.എസ്. ബിന്ദു, അഞ്ജു കൃഷ്ണന്‍കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.