ഓണവിപണിയിൽ ഇടപെടൽ; വിലക്കയറ്റത്തിനു മൂക്കുകയർ
1585069
Wednesday, August 20, 2025 3:44 AM IST
ഓണച്ചന്ത 26ന് തുടങ്ങും
പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ ഇടപെടൽ നടത്താൻ സപ്ലൈകോയും സഹകരണ മേഖലയും തയാറെടുക്കുന്പോൾ വിലക്കയറ്റം പിടിച്ചു നിർത്താനാകുമെന്ന് പ്രതീക്ഷ. വിലക്കുറവുമായി കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ 26ന് തുടങ്ങും. സെപ്റ്റംബർ നാലു വരെ നീണ്ടുനിൽക്കും.
ഇത്തവണ സഹകരണ സംഘങ്ങളുടെ 95 വിപണികളും ത്രിവേണിയുടെ 12 സൂപ്പർ മാർക്കറ്റുകളുമാണ് തുറക്കുന്നത്. സപ്ലൈകോയും ഓണം വിപണികൾ തുറക്കും. കൂടാതെ സപ്ലൈകോ വിപണനശാലകൾ മുഖേന സബ്സിഡി ഉത്പന്നങ്ങളടക്കം എത്തിക്കാനും പദ്ധതിയുണ്ട്.
സപ്ലൈകോ വില്പനശാലകളിൽ ഹാപ്പി ഹവേഴ്സ് എന്ന പേരിൽ പ്രത്യേക വിലക്കുറവ് 24 വരെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാലുവരെ തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾ വിലകുറച്ചു ലഭ്യമാക്കും. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനേക്കാൾ പത്തു ശതമാനംവരെ വിലക്കുറവ് വിവിധ ഉത്പന്നങ്ങൾക്കും ലഭിക്കും. വെളിച്ചെണ്ണ അടക്കമുള്ള ശബരി ഉത്പന്നങ്ങൾക്കും വിലക്കുറവ് ബാധകമായിരിക്കും.
പുതിയ ഉത്പന്നങ്ങൾ
സപ്ലൈകോ വില്പന ശാലകൾ ഓണത്തോടനുബന്ധിച്ച് സജീവമാക്കാനും പദ്ധതിയുണ്ട്. കൂടുതൽ ഉത്പന്നങ്ങൾ വിപണനശാലകളിലുണ്ടാകും. പാലക്കാടൻ മട്ട, വടി, ഉണ്ട അരി, പുട്ടുപൊടി, അപ്പംപൊടി, പഞ്ചസാര, സേമിയ, പാലട പായസം മിക്സ്, കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതുതായി ശബരി നേരിട്ട് വില്പനയ്ക്കെത്തിക്കുന്നത്.
ഉയർന്ന ഗുണനിലവാരത്തോടെ വിപണിവിലയുടെ പകുതി ഈടാക്കിയാകും പൊടി ഇനങ്ങൾ നൽകുക. ശബരി ബ്രാൻഡിൽ നേരത്തേ വില്പനയിലുള്ള സാധനങ്ങൾക്കു പുറമേയാണിത്.
ത്രിവേണി സബ്സിഡി 13 ഇനങ്ങൾക്ക്
ത്രിവേണി കൺസ്യൂമർഫെഡ് മാർക്കറ്റുകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാകും. ഇതിനൊപ്പം പൊതുവിപണിയിൽനിന്ന് 40 ശതമാനം വരെ വിലക്കുറവിൽ പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ ഉത്പന്നങ്ങളും വിൽപനയ്ക്കുണ്ട്.
സബ്സിഡി ഇനങ്ങളോടൊപ്പം കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിത്തിക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ, ബിരിയാണി അരി, സേമിയ, പാലട, അരിയട, ശർക്കര, നെയ്യ് എന്നിവയും കമ്പനി ഉത്പന്നങ്ങളും വിപണിവിലയേക്കാൾ പത്തു മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും.
ഓണം ചന്തകളുടെ പ്രവർത്തനം സംബന്ധിച്ച് ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോ റിയത്തിൽ സഹകരണസംഘം ഭാരവാഹികളുടെയോഗം ചേർന്നു. കൺസ്യൂമർഫെഡ് ഭരണ സമിതിയംഗം ജി. അജയകുമാർ ഉദ്ഘാടനം ചെയ്തു.
സഹകരണ വിപണിയിലെ സബ്സിഡി ഉത്പന്ന വില
ജയ അരി : 8 കിലോ 264 രൂപ
കുറുവ അരി : 8 കിലോ 264
കുത്തരി : 8 കിലോ 264
പച്ചരി : 2 കിലോ 58
പഞ്ചസാര : 1 കിലോ 34.85
ചെറുപയർ : 1 കിലോ 90
വൻകടല : 1 കിലോ 65
ഉഴുന്ന് : 1 കിലോ 90
വൻപയർ : 1 കിലോ 70
തുവരപരിപ്പ് : 1 കിലോ 93
മുളക് : 1 കിലോ 113.50
മല്ലി : 1.5 കിലോ 40.95
വെളിച്ചെണ്ണ : 1 ലിറ്റർ 349.