സൈബര്‍ പോരിൽ വലഞ്ഞ് സിപിഎം; ആറന്മുള ചെമ്പടയ്ക്കെതിരേ കേസ്
1584840
Tuesday, August 19, 2025 6:08 AM IST
പത്തനംതിട്ട: സിപിഎം നേതാക്കളുടെ കൂടി അറിവോടെയുള്ള സൈബര്‍ പോര് പാര്‍ട്ടിക്കു തലവേദനയാകുന്നു. മന്ത്രി വീണാ ജോര്‍ജിനെ അനുകൂലിച്ചു സ്ഥിരമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന ആറന്മുളയുടെ ചെമ്പട എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെതിരേ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനല്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പുളിക്കീഴ് പോലീസില്‍ സനല്‍കുമാര്‍ നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
വീണാ ജോര്‍ജിനെ അനുകൂലിച്ചും സനല്‍കുമാറിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയും നിരവധി പോസ്റ്റുകളാണ് "ആറന്മുളയുടെ ചെമ്പട'യെന്ന ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞയിടെ പ്രത്യക്ഷപ്പെട്ടത്.
ആറന്മുള സീറ്റ് ലക്ഷ്യമിട്ട് സനല്‍കുമാര്‍ വീണാ ജോര്‍ജിനെതിരേ നീക്കങ്ങള്‍ നടത്തുന്നുവെന്നായിരുന്നു ചെമ്പടയുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ, പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവന്‍കുട്ടി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവരെ ടാഗ് ചെയ്താണ് സനല്‍കുമാറിനെതിരായ വിമര്‍ശനങ്ങള്‍ വന്നിരുന്നത്. ഇതിനു പിന്നാലെ സനല്‍കുമാര്‍ തിരുവല്ല ഡിവൈഎസ്പിക്കു പരാതി നല്‍കുകയായിരുന്നു.
കപ്പല്‍ മുങ്ങിയാലും കപ്പിത്താന് ചത്താല്‍ മതി എന്ന തലക്കെട്ടോടെ പ്രചാരണം നടത്തി, സനല്‍കുമാര്‍ ആരോഗ്യമന്ത്രിക്കെതിരാണെന്നു ചിത്രീകരിച്ചു എന്നീ കുറ്റങ്ങളാണ് എഫ്ഐആറില്‍ പറയുന്നത്.
അമർഷം അടങ്ങാതെ
മന്ത്രി വീണാ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ രണ്ടു പേര്‍ക്കെതിരേ സമീപകാലത്തു സിപിഎം നടപടി സ്വീകരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണ വിഷയത്തിലാണ് ഇവര്‍ മന്ത്രിക്കെതിരേ പോസ്റ്റിട്ടത്.
ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയംഗവും സിഡബ്ല്യുസി മുന്‍ ചെയര്‍മാനുമായ എൻ. രാജീവിനെ ബ്രാഞ്ച് ഘടകത്തിലേക്കു തരംതാഴ്ത്തുകയും ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം പി.ജെ. ജോണ്‍സണെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുമായിരുന്നു തീരുമാനം.
സസ്പെന്ഷന് വന്ന ശേഷവും ജോണ്സണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തി. എൻ. രാജീവിനെതിരേയുള്ള നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ചേരിതിരിഞ്ഞുള്ള സൈബര്‍ പോര് രൂക്ഷമായതോടെയാണ് നേതൃത്വം ഇടപ്പെട്ടു തുടങ്ങിയത്.
പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇത്തരം പോര് പാര്‍ട്ടിക്കു ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.