കാർഷിക മേഖലയിലെ വിജയഗാഥ; ജിഷ്ണുവിന്റേത് അതിജീവനത്തിന്റെ കഥ
1584213
Sunday, August 17, 2025 4:13 AM IST
ടി.എസ്. സതീഷ് കുമാർ
കോഴഞ്ചേരി: ജിഷ്ണുവിന്റെ ജീവിതത്തിൽ പലതും അപ്രതീക്ഷിതമായിരുന്നു. മസ്കറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കവേയുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ ജിഷ്ണുവിന്റെ ജീവിതത്തെ മാറ്റിമറിച്ചു. രണ്ട് കണ്ണുകളുടെയും കാഴ്ച 80 ശതമാനം നഷ്ടപ്പെട്ടപ്പോൾ ബിബിഎ ബിരുദധാരിയായ ഈ ചെറുപ്പക്കാരനു നാട്ടിലേക്കു മടങ്ങേണ്ടിവന്നു.
പരാജയപ്പെട്ടു പിൻമാറാനില്ലെന്ന തീരുമാനത്തോടെയാണ് കോഴഞ്ചേരി മേലുകര കുറുന്തോട്ടിക്കൽ വീട്ടിൽ തിരികെ എത്തിയത്. സ്വപ്നങ്ങൾ പലതും കണ്ടു. സ്വന്തമായുള്ള ഒരേക്കര്‍ ഭൂമിയോടൊപ്പം കുടുംബാംഗങ്ങളുടെ രണ്ടേക്കര്‍ ഭൂമിയിൽക്കൂടി പച്ചക്കറി കൃഷി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. പന്പാ തീരത്തെ ഫലഭൂയിഷ്ടമായ മണ്ണിൽ വിളവ് മോശമാകില്ലെന്നുറപ്പിലാണ് ജിഷ്ണു വി. നായർ പുതിയ ജീവനോപാധി തേടിയത്.
എന്നാല്‍ 2018 ലെ മഹാപ്രളയം കാർഷിക സ്വപ്നങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു. വിളകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നു മാത്രമല്ല കുമ്മായം നിറഞ്ഞ മണ്ണടിഞ്ഞതിനാല്‍ തന്റെ ഭൂമി ഇനി കൃഷിക്ക് ഉപയുക്തമല്ലെന്ന തിരിച്ചറിവും താമസിയാതെ ഉണ്ടായി.
അതിജീവനത്തിനുള്ള മാർഗം തേടി ഇറങ്ങിയ പ്രവാസിക്കു മുന്പിൽ മറ്റൊരു അതിജീവനത്തിനുകൂടി പാത തുറന്നു നൽകിയത് കോഴഞ്ചേരി കൃഷി ഓഫീസര്‍ പി. രമേശ് കുമാറാണ്. ശാസ്ത്രീയമായ കൃഷിരീതികൾക്കുള്ള ഉപദേശങ്ങൾ അദ്ദേഹം നൽകി. മണ്ണു പരിശോധന നടത്തി പുതിയ കൃഷിരീതികൾ പരീക്ഷിക്കുകയായിരുന്നു പിന്നീട്.
ഇതു വിജയത്തിലേക്കെത്തിയതോടെ 33 കാരനായ ജിഷ്ണുവിന് ആത്മവിശ്വാസം വർധിച്ചു. കൃഷി രീതികളിൽ കൃഷി ഓഫീസറുടെ സഹായത്തോടെ പരീക്ഷണങ്ങൾ നടത്തി.
മുന്തിയ ഇനം പാവല്‍, പടവലം, വ്യത്യസ്തങ്ങളായ ചീരകള്‍, പയര്‍ വര്‍ഗങ്ങള്‍, കിഴങ്ങുവര്ഗങ്ങളായ ചേന, ചേന്പ്, കാച്ചില്, ഏത്തവാഴ എന്നിവയെല്ലാം ഇന്നിപ്പോൾ കൃഷി ചെയ്യുന്നുണ്ട്. വിപണി കണ്ടെത്താൻ ആദ്യകാലത്തൊക്കെ വിഷമം നേരിട്ടു. ഇതിനു പരിഹാരം കണ്ടതും കൃഷി ഭവനാണ്.
ഉത്പന്നങ്ങള്‍ നേരിട്ടും ഓണ്‍ലൈനായും കൃഷിഓഫീസിന്റെ ഇക്കോഷോപ്പുവഴിയും വിപണനം ചെയ്തുതുടങ്ങിയതോടെ മെച്ചപ്പെട്ട വില ലഭിച്ചു.
ജൈവകൃഷി
ജൈവ വളമാണ് ഉപയോഗിക്കുന്നത്. പ്രളയാനന്തരം മണ്ണിന്റെ ഘടന മാറിയതോടെ വളപ്രയോഗത്തിൽ മിതത്വം പാലിച്ചു. കടലാമൃതം എന്നപേരിലുള്ള ജൈവവളമാണ് കൂടുതലായി ഉപയോഗിക്കുന്നത്.
പച്ചക്കപ്പലണ്ടിയും പച്ചച്ചാണകവും വെളളവും ഒരു പ്രത്യേക അളവില്‍ അരച്ച് ഒരു മിശ്രിതമാക്കിയതാണ് കടലാമൃതം. 20 ലിറ്റര്‍ കണ്ടെയിനറില് ഉത്പാദിപ്പിക്കുന്ന ലായനി ഒരു ഏക്കറില്‍ ഉപയോഗിക്കാന്‍ കഴിയും. ഇതിനോടൊപ്പം ആടിന്റെ കാഷ്ഠവും വളമായി ഉപയോഗിക്കുന്നുണ്ട്. കാര്‍ഷിക സർവകലാശാല വികസിപ്പിച്ചെടുത്ത പ്രീതി പാവക്കായും കൃഷിയിടത്തില്‍ ധാരാളമായിട്ടുണ്ട്.
ഒരു പാവക്കായ്ക്ക് ഏകദേശം 350 ഗ്രാം തൂക്കം ഉണ്ടാകും. കൃഷിയിടത്തിലെ ഈച്ചകളെയും മറ്റു പ്രാണികളെയും നശിപ്പിക്കുന്നതിന് പാളയന്തോടന് പഴവും ശര്‍ക്കരയും ഇതിനോടൊപ്പം പാരസെറ്റമോള്‍ ഗുളികയും പൊടിച്ച് മിശ്രിതമാക്കി ചിരട്ടക്കെണി കൃഷിയിടത്തിന്റെ പല ഭാഗങ്ങളിലായി വച്ചിട്ടുണ്ട്.
ഇതിനോടൊപ്പം മഞ്ഞബോര്ഡും സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഈച്ചകളും മറ്റും വന്നു പറ്റിപ്പിടിച്ചിരിക്കും. അജയ് വഴുതനങ്ങ എന്ന പേരിലുള്ള വഴുതന കൃഷിയിടത്തിലെ പ്രത്യേകതയാണ്. പച്ചക്കറി കൃഷിയില്‍നിന്ന് പ്രതിദിനം വരുമാനം ലഭിക്കുന്നുണ്ടെന്നും ജിഷ്ണു പറഞ്ഞു.
ആടുവളർത്തൽ
മലബാറി ആടുകളെയും ജിഷ്ണു വളര്‍ത്തുന്നുണ്ട്. ഒരു ലിറ്റര്‍ ആട്ടിന്‍ പാലിന് 100 രൂപയ്ക്കാണ് നൽകുന്നത്. 30 കിലോ തൂക്കം വരുന്ന ആടുകളും ഉണ്ട്. പച്ചക്കറി കൃഷിക്കാവശ്യമായ ജൈവവള ഉത്പാദനത്തിലും ആടുവളർത്തൽ പ്രയോജനപ്പെടുന്നുണ്ട്.
കാഴ്ചയുടെ വൈകല്യത്തെ മറന്ന് കൃഷിയെ ഗൗരവത്തോടു കാണുന്ന ജിഷ്ണുവിനെത്തേടി നിരവധി അവാര്‍ഡുകളാണ് എത്തിയത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ മികച്ച കര്ഷകന്, ജില്ലയിലെ മികച്ച ഭിന്നശേഷി കര്ഷകന് അവാര്‍ഡും എന്നിവ ഇതില്‍ ചിലതു മാത്രമാണ്.
അവിവാഹിതനായ ജിഷ്ണുവിനെ കൃഷിയിടത്തില്‍ സഹായിക്കുന്നത് അച്ചനും അച്ഛന്റെ സഹോദരനും ബന്ധുക്കളുമാണ്. കൃഷി ഓഫീസർ രമേശ് കുമാറിന്റെ സാന്നിധ്യവും ഉപദേശങ്ങളുമാണ് എല്ലാറ്റിനും മുതൽക്കൂട്ടാകുന്നതെന്ന് ജിഷ്ണു പറഞ്ഞു.
എല്ലാ ദിവസവും വൈകുന്നേരം അദ്ദേഹം തന്റെ കൃഷിയിടത്തിലെത്തി വേണ്ട നിര്‍ദ്ദേശം നല്‍കുന്നതിലൂടെ കൂടുതല്‍ കാര്‍ഷിക വിഭവങ്ങള്‍ കൃഷി ചെയ്യാന്‍ താത്പര്യം ഉണ്ടാകുന്നുണ്ടെന്നും യുവകർഷകൻ കൂട്ടിച്ചേർത്തു.