ജനാധിപത്യത്തെ തകർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നു: അടൂർ പ്രകാശ്
1584020
Friday, August 15, 2025 4:05 AM IST
പത്തനംതിട്ട: ജനാധിപത്യത്തെ തകർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പത്തനംതിട്ട പ്രസ്ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ 2024ൽ 1.72ലക്ഷം കള്ളവോട്ടുകൾ താൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇക്കാര്യം ബോധ്യപ്പെടുത്താനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അദ്ദേഹം സമയം അനുവദിച്ചില്ല. പലതവണ ഇ മെയിൽ അയച്ചിട്ടും കമ്മീഷൻ ഇതേവരെ പ്രതികരിച്ചിട്ടില്ല. 2019ൽ താൻ ആറ്റിങ്ങൽ മത്സരിക്കാൻ എത്തിയപ്പോള്‍ 1.14 ലക്ഷം കള്ളവോട്ടുകളും കണ്ടെത്തിയിരുന്നു.
പല നേതാക്കളൂടെയും മക്കള്‍ക്ക് ഉൾപ്പെടെ കള്ള വോട്ട് ഉണ്ടെന്നും കണ്ടെത്തി. ഐടി വിദഗ്ധരെയും യുവാക്കളെയും നിയോഗിച്ചാണ് പട്ടിക പരിശോധിച്ചത്. 58,000 അനധികൃത പേരുകൾ നീക്കം ചെയ്തു. യുഡിഎഫിന് പ്രതീക്ഷയില്ലാതിരുന്ന മണ്ഡലത്തിൽ മുപ്പതിനായിരത്തിലേറെ വോട്ടുകൾക്ക് താൻ വിജയിച്ചു.
2024ൽ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ 2019ൽ ഒഴിവാക്കിയവരെയെല്ലാം ഉൾപ്പെടുത്തിയതാണ് കണ്ടത്. 172015 അനധികൃത പേരുകൾ കണ്ടെത്തി. തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്പെട്ടപ്പോൾ ഒരു നിയമസഭാ മണ്ഡലത്തിലെ നാനൂറിൽ താഴെ അനധികൃത വോട്ടുകൾ മാത്രമാണ് നീക്കം ചെയ്തത്.
ഹൈക്കോടതിയെ സമീപിച്ചപ്പോൾ ബൂത്തുകളിൽ കാമറ സ്ഥാപിക്കാൻ നിർദേശിച്ചതുകൊണ്ട് കള്ളവോട്ടുകൾ തടയാൻ കഴിഞ്ഞു. വോട്ടർ പട്ടികയിൽ ഇപ്പോഴും അനധികൃത പേരുകളുണ്ട്. ഇതുസംബന്ധിച്ച് പരാതി നൽകാൻ ചീഫ് ഇലക്ഷൻ കമ്മീഷണറെ കാണാൻ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇ മെയിലായി അയച്ച പരാതിക്ക് മറുപടി കിട്ടിയില്ല.
ജനാധിപത്യത്തെ തകർക്കാൻ യുഡിഎഫ് അനുവദിക്കില്ല. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും. കള്ളവോട്ടുകൾ തടയുന്നതിൽ തന്റെ അനുഭവം പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുമായി പങ്കുവച്ചിരുന്നതായി അടൂർ പ്രകാശ് പറഞ്ഞു. തൃശൂരിലെ വോട്ടർപട്ടികയെ സംബന്ധിച്ച് ഇപ്പോൾ ഉയരുന്ന ആശങ്കകളും പരിശോധിക്കപ്പെടേണ്ടതാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വാർഡുകൾ വിഭജിച്ചത് അശാസ്ത്രീയമായിട്ടാണ്. ഒരു വീട്ടിലെ വോട്ടർമാരെ രണ്ടു വാർഡുകളിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
വാർഡുകൾ വിഭജിക്കാനും തെരഞ്ഞെടുപ്പ് നടത്താനും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ യുഡിഎഫ് അന്വേഷിക്കും. ഇതിനതിരേ കോടതിയെ സമീപിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ അതത് വാർഡിൽ തന്നെയാകും തീരുമാനിക്കുക. പുറത്തുനിന്നുള്ള ഇടപെടലുണ്ടാകില്ല. വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.