മന്ത്രി വീണയ്ക്കെതിരേ ഫേസ്ബുക്ക്; രണ്ട് നേതാക്കൾക്കെതിരേ നടപടി
1584009
Friday, August 15, 2025 3:54 AM IST
എൻ. രാജീവിനെ തരംതാഴ്ത്തി, പി.ജെ. ജോൺസണ് സസ്പെൻഷൻ
കോഴഞ്ചേരി: മന്ത്രി വീണാ ജോർജിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടെന്ന പേരിൽ ജില്ലയിലെ രണ്ടു സിപിഎം നേതാക്കൾക്കെതിരേ നടപടി. സിഡബ്ല്യുസി മുന്‍ ചെയര്‍മാനും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എന്‍.രാജീവിനെ സിപിഎമ്മില്‍ തരംതാഴ്ത്തിയപ്പോൾ ഇലന്തൂരിൽ ലോക്കൽ കമ്മിറ്റിയംഗം പി.ജെ. ജോൺസണെ പാർട്ടിയിൽനിന്നു മൂന്നു മാസത്തേക്കു സസ്പെൻഡ് ചെയ്തു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടെയും വിമർശനം. വീണ ജോർജിന് മന്ത്രി പോയിട്ട് എംഎൽഎ ആയി ഇരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല... പറയിപ്പിക്കരുത്...എന്നായിരുന്നു അപകടത്തിന് പിന്നാലെ എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന ജോണ്സണ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഒളിയന്പ്
മന്ത്രിയുടെ പേര് പരാമർശിക്കാതെയായിരുന്നു എൻ. രാജീവിന്റെ പോസ്റ്റ്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു മന്ത്രി കൊട്ടാരക്കരയിൽ ആശുപത്രിയിൽ ചികിത്സ തേടിയതിനെ പരിഹസിച്ചായിരുന്നു കുറിപ്പ്. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് പരീക്ഷയുള്ള ദിവസം വയറുവേദനയെന്നു കളവുപറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. ഒത്താൽ രക്ഷപ്പെട്ടു.
ഇവിടെ ചോദ്യങ്ങളിൽനിന്ന് എന്ന വ്യത്യാസം മാത്രം എന്നായിരുന്നു രാജീവിന്റെ വിമർശനം. ഇതു പാർട്ടിയിലടക്കം വലിയ ചർച്ചയായതോടെയാണ് എൻ. രാജീവിനെ വള്ളംകുളം ലോക്കൽ കമ്മിറ്റിയിലേക്കു തരംതാഴ്ത്താൻ ഇരവിപേരൂർ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചത്.
നടപടി ചർച്ച ചെയ്യാൻ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ രാജീവിനെ അനുകൂലിച്ച് ഭൂരിഭാഗം അംഗങ്ങളും രംഗത്തെത്തിയെങ്കിലും ജില്ല കമ്മിറ്റിയുടെ നിർദേശം ഒടുവിൽ അംഗീകരിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയടക്കം മന്ത്രിയെ പരോക്ഷമായി വിമർശിക്കുന്ന പോസ്റ്റിട്ടെന്നും ഏരിയ കമ്മിറ്റിയോഗത്തിൽ വിമർശനം ഉയർന്നിരുന്നു.
കസേരയും പോയി
ഏരിയാ കമ്മിറ്റിയോഗത്തിൽ 21 അംഗങ്ങളില്‍ 19 പേര് പങ്കെടുത്തിരുന്നു. രാജീവ് ഉള്‍പ്പെടെ ഏഴു പേര് നടപടിക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. മുന്‍ ഏരിയാ സെക്രട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമാണ് നടപടി വേണമെന്ന നിലപാടില്‍ ഉറച്ചുനിന്നത്. ബാക്കിയുള്ളവര്‍ തങ്ങള്‍ക്ക് അഭിപ്രായമില്ലെന്ന രീതിയില്‍ മൗനം പാലിക്കുകയായിരുന്നു. ഇരുവർക്കുമെതിരേയുള്ള നടപടി ആവശ്യം സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും പരിഗണിച്ചു കീഴ്ഘടകങ്ങളിലേക്കു വിടുകയായിരുന്നു.
സിഡബ്ല്യുസി ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്നു രാജീവിനെ മാറ്റി ദിവസങ്ങൾക്കുള്ളിലാണ് ഫേസ്ബുക്ക് പോസ്റ്റ് വന്നത്. മന്ത്രി വീണാ ജോർജിന്റെ ചുമതലയിലുള്ള വനിതാ ശിശുക്ഷേമ വകുപ്പിനു കീഴിലാണ് സിഡബ്ല്യുസി. പോക്സോ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്ന ഗുരുതര ആരോപണം ഉയർത്തിയാണ് ചെയർമാൻ സ്ഥാനത്തുനിന്നു രാജീവിനെ മാറ്റിനിർത്തിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് റിപ്പോർട്ടും ഉണ്ടായി. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുള്ളതായും ആരോപണമുണ്ട്. മന്ത്രിയുടെ താത്പര്യമാണ് രാജീവിനെതിരേയുള്ള നടപടികൾക്കു പിന്നിലെന്ന ആക്ഷേപവുമുയരുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് താന്‍ രേഖാമൂലം വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതു പരിഗണിക്കാതെയുള്ള നടപടിയാണെന്നും വികാരഭരിതനായിത്തന്നെ രാജീവ് യോഗത്തില്‍ പറഞ്ഞതായാണ് സൂചന. വിശദീകരിക്കാൻ അവസരം നൽകുന്നില്ലെങ്കിൽ പൊതുമധ്യത്തിൽ പലതും വിളിച്ചു പറയേണ്ടിവരുമെന്നും അദ്ദേഹം പാർട്ടി യോഗത്തെ അറിയിച്ചു. എന്തു നടപടി സ്വീകരിച്ചാലും കമ്യൂണിസ്റ്റുകാരനായിത്തന്നെ താന്‍ പൊതുസമൂഹത്തില്‍ ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു.
ഷിജു പി. കുരുവിളയാണ് അധ്യക്ഷത വഹിച്ചത്. പാര്‍ട്ടി സംസ്ഥാനകമ്മറ്റി അംഗം കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹര്‍ഷകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അവാർഡ് നേടിയ പഞ്ചാ. പ്രസിഡന്റ്
രാജ്യത്തെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന പ്രധാനമന്ത്രിയുടെ പ്രത്യേക അവാര്‍ഡ് ഇരവിപേരൂർ പ്രസിഡന്റായിരിക്കേ എൻ. രാജീവിനു ലഭിച്ചിട്ടുണ്ട്. ഒരു പ്രാദേശിക സര്‍ക്കാരിന്റെ വിജയഗാഥ ഇരവിപേരൂരില്‍ എന്ന പ്രോജക്ടിനാണ് പ്രധാനമന്ത്രിയിൽനിന്നു പൊതുഭരണ അവാര്‍ഡ് ഡല്‍ഹിയില്‍ നല്‍കിയത്. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു നൽകിവന്നിരുന്ന പുരസ്കാരം ഒരു ഗ്രാമപഞ്ചായത്ത് അധ്യക്ഷനെ തേടി എത്തുന്നത് ആദ്യമായിട്ടായിരുന്നു.
കേരളത്തില്‍നിന്ന് അതിനു മുന്‍പ് ഈ അവാര്‍ഡിന് അര്‍ഹനായത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ എസ്.എം. വിജയാനന്ദനാണ്. ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗമായിരുന്ന പി.ജെ. ജോൺസൺ എംജി സർവകലാശാല മുൻ ചെയർമാനും എസ്എഫ്ഐ, ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയുമായിരുന്നു. ഏരിയാ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് സസ്പെൻഷൻ നടപടി.