പ്ലാപ്പള്ളി റോഡ് വികസനം ശബരിമല തീർഥാടകർക്ക് സഹായകരം: മന്ത്രി മുഹമ്മദ് റിയാസ്
1584544
Monday, August 18, 2025 3:54 AM IST
റാന്നി: പ്ലാപ്പള്ളി - തുലാപ്പള്ളി - മൂക്കൻപെട്ടി - പമ്പാവാലി റോഡ് വികസനം ശബരിമല തീർഥാടകർക്ക് ഏറെ സഹായകരമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുനർനിർമിച്ച റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി 6.5 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.
എരുമേലിയിൽനിന്നുള്ള തീർഥാടകർക്ക് ഇതിലൂടെ സുഗമമായി എത്തിച്ചേരാൻ സാധിക്കും. ഗവിയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയും അനായാസമാകും. ബിഎം ബിസി നിലവാരത്തിൽ നിശ്ചയിച്ചതിലും നേരത്തെ നിർമാണം പൂർത്തിയാക്കി. ശബരിമല റോഡ് നവീകരണത്തിന് സർക്കാർ മുഖ്യപരിഗണന നൽകുകയാണെന്നും മന്ത്രി പറഞ്ഞു.
തുലാപ്പള്ളി മാർത്തോമ്മ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.എസ്. സുകുമാരൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ റോമി ചിങ്ങം പറമ്പിൽ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.