പണമില്ല, അധ്യാപകരില്ല; സ്കൂള്‍ കായികമേളകള്‍ അവതാളത്തില്‍
1584536
Monday, August 18, 2025 3:54 AM IST
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിലെ കായികമേളയുടെ നടത്തിപ്പിനായി ഫണ്ടും ഏറ്റെടുത്തു നടത്താന്‍ കായികാധ്യാപകരും ഇല്ലെന്നായതോടെ പ്രതിസന്ധി. സ്കൂള്‍ കായികമേളകള്‍ അടുത്തമാസം നടക്കാനിരിക്കേയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. ഗെയിംസ് മത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ത്തന്നെ താളപ്പിഴകള്‍ തുടങ്ങി.
മുമ്പ് ഫീസിലെ സ്കൂള്‍ വിഹിതം ഉപയോഗിച്ചാണ് സ്കൂള്‍തല കായികമേളകള്‍ നടത്തിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം സ്കൂള്‍ മേളകളുടെ നടത്തിപ്പിനായി വിദ്യാര്‍ഥികളില്‍നിന്നു പിരിക്കുന്ന പണം മുഴുവന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടില്‍ അടയ്ക്കണമെന്നതാണ്. ഇതോടെ സര്‍ക്കാരിന് രണ്ടുകോടിയുടെ അധികവരുമാനം ലഭിക്കും.
സ്കൂളുകളിലും ഉപജില്ലകളിലും കായികമേളയ്ക്ക് പണം എവിടെനിന്ന് ലഭിക്കുമെന്ന് പറഞ്ഞിട്ടില്ല. സ്കൂളുകളിലെ ഫണ്ടുകള്‍ ഉപയോഗിച്ചോ അധ്യാപകര്‍ കൈയില്‍ നിന്നിട്ടോ നടത്തേണ്ടിവരും.
സ്കൂളുകള്‍ക്ക് ഫണ്ടില്ല
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു കുട്ടിക്ക് 21 രൂപ വീതം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കായികമേളയ്ക്കായി ചെലവഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറിയിലെ ഒരു വിദ്യാര്‍ഥിയില്‍നിന്ന് 75 രൂപയാണ് കായികമേള സ്പെഷല്‍ ഫീസായി പിരിക്കുന്നത്. ഇതില്‍നിന്ന് 21 രൂപ സ്കൂള്‍തല കായികമേളകള്‍ നടത്താനുള്ള വിഹിതമായി മാറ്റിയശേഷം ബാക്കിയാണ് അടയ്ക്കേണ്ടിയിരുന്നത്.
സ്പെഷല്‍ ഫീസിനത്തില്‍ 9, 10 ക്ലാസിലെ കുട്ടികളില്‍ നിന്ന് 15 രൂപയും ഈടാക്കുന്നുണ്ട്. സബ് ജില്ലാ വിഹിതം 12 രൂപ, ജില്ലാ വിഹിതം 15 രൂപ, സംസ്ഥാന കായികമേള നടത്തിപ്പിന് 27 രൂപ എന്നിങ്ങനെ 54 രൂപയായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം രണ്ട് കോടിയിലേറെ രൂപ വിദ്യാഭ്യാസ വകുപ്പിന് അധിക വരുമാനം ലഭിക്കും.
കായികാധ്യാപകരും ഇല്ല
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കായികാധ്യാപകര്‍ നേരത്തെതന്നെ സമരത്തിലാണ്. കായികാധ്യാപക നിയമനങ്ങൾ തടസപ്പെട്ടിരിക്കുന്നതിനാല്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്നവര്‍ക്ക് പകരം ആളുകള്‍ എത്തുന്നില്ല. ഇതോടെ കായികാധ്യാപകര്‍ ജില്ലയില്‍ പരിമിതമാണ്. കഴിഞ്ഞദിവസം കൊടുമണ്ണില്‍ ജില്ലാ സ്കൂള്‍ ഫുട്ബോള്‍ മത്സരം നടത്താന്‍ ആളില്ലായിരുന്നു.
സ്കൂളുകളില്‍ മറ്റു ജോലികളിലായിരുന്ന അഞ്ച് അധ്യാപകരെ നിര്‍ബന്ധപൂര്‍വം എത്തിച്ചാണ് ഫുട്ബോള്‍ നടത്തിയത്. ഫണ്ട് കൂടി ലഭ്യമല്ലെന്നായതോടെ മേളകളുടെനടത്തിപ്പ് ഏറ്റെടുക്കാനാകില്ലെന്ന് കായികാധ്യാപകര്‍ അറിയിച്ചിട്ടുണ്ട്.
ഉപജില്ലാതല മത്സരങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ അധ്യാപകരുടെ കുറവ് പ്രശ്നമാകും. ജില്ലാതല മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പോലും കായികാധ്യാപകരില്ലാത്ത സ്ഥിതിയാണ്.