ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന്; 3000 പ്രതിനിധികള്‍ പങ്കെടുക്കും: മന്ത്രി വാസവന്
1584550
Monday, August 18, 2025 4:09 AM IST
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സെപ്റ്റംബര്‍ 20ന് പമ്പാ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്. വിവിധ രാജ്യങ്ങളില്‍നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിനു കീഴില്‍ പ്രധാന സ്വാഗത സംഘം ഓഫീസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലാകും താമസസൗകര്യം. പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഒരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികത്സ സൗകര്യം ഉറപ്പാക്കും. ഹില്‍ ടോപ്പിലാകും വാഹനങ്ങളുടെ പാര്‍ക്കിംഗ്. സന്നദ്ധ സംഘടനകളുടെ സേവനമടക്കം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കും.
കെ.യു. ജനീഷ് കുമാർ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, ദേവസ്വം ബോര്‍ഡ് പ്രതിനിധികളായ എ. അജികുമാര്‍, പി.ഡി. സന്തോഷ് കുമാര്‍, ഡിഐജി അജിതാ ബീഗം,
പത്തനംതിട്ട, ആലപ്പുഴ ജില്ലാ പോലീസ് മേധാവികളായ ആര്. ആനന്ദ്, എം.പി. മോഹനചന്ദ്രന്, ദേവസ്വം കമ്മീഷണര്‍ ബി. സുനില്‍ കുമാര്‍, എന്‍എസ്എസ്, എസ്എന്‍ഡിപി, ഐക്യ മലയരയ മഹാസഭ പ്രതിനിധികളായ എം. സംഗീത് കുമാര്‍, സുരേഷ് പരമേശ്വരന് തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യരക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചെയർപേഴ്സണും കെ.യു. ജനീഷ് കുമാർ എംഎൽഎ പ്രോഗ്രാം കമ്മിറ്റി ചെയർമാനുമാണ്.