വിശി വിശ്വനാഥിന് ഫയർ സർവീസ് മെഡൽ
1584016
Friday, August 15, 2025 3:54 AM IST
പത്തനംതിട്ട: വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിന് പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥ് അർഹനായി. 2009-ൽ കരുനാഗപ്പള്ളി സ്റ്റേഷൻ ഓഫീസർ ആയിരിക്കവേ നടത്തിയ രക്ഷാപ്രവർത്തനത്തിനാണ് അംഗീകാരം. നാടിനെ നടുക്കിയ ടാങ്കർ ദുരന്തത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനാണ് അന്ന് വിശി വിശ്വനാഥ് ശ്രദ്ധേയനായത്.
ദേശീയ പാതയിൽ പാചകവാതക ടാങ്കറും കാറും കൂട്ടിയിടിച്ച് മറിഞ്ഞ് ഗ്യാസ് ലീക്ക് ചെയ്ത വിവരമറിഞ്ഞ് ഒരു നിമിഷം പോലും കളയാതെ ദുരന്തമുഖത്തേക്ക് കുതിച്ചെത്തി കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തു. വാതക ചോർച്ച തടയാനുള്ള ശ്രമം നടത്തുന്നതിനിടെ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു.
എട്ടുപേരുടെ മരണത്തിനും 12 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ സ്ഫോടനത്തിൽ വിശി വിശ്വനാഥ് ഉൾപ്പെടെ രണ്ടുപേർ ദൂരത്തേക്ക് തെറിച്ചു പോവുകയും ശരീരമാസകലം പൊള്ളലേൽക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നത്.