സിപിഐ ജില്ലാ സമ്മേളനത്തിൽ ചേരിതിരിഞ്ഞു ചർച്ച : വിമർശനം താത്പര്യമില്ലാത്തവർക്ക് പോകാമെന്ന് ബിനോയ് വിശ്വം
1584207
Sunday, August 17, 2025 4:05 AM IST
പത്തനംതിട്ട: വിഭാഗീയത ഒഴിവാക്കാൻ ലക്ഷ്യമിട്ടു നടത്തിയ ജില്ലാ സമ്മേളനത്തിൽ വിഭാഗീയത ഒഴിവാക്കാനുള്ള ശ്രമം വിലപ്പോയില്ല. സിപിഐ ജില്ലാ സമ്മേളനത്തിന്റെ രണ്ടാംദിന ചർച്ചയിലും വിഭാഗീയത നിഴലിച്ചു.
സംസ്ഥാന സർക്കാരിനെതിരേയും പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കെതിരേയും രൂക്ഷ വിമർശനമാണ് ഉയർന്നത്. വെള്ളിയാഴ്ച അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിനു പിന്നാലെ നടന്ന പൊതുചർച്ചയിൽ ഏകാധിപതിയായ മുഖ്യമന്ത്രിക്കു മുന്നിൽ സിപിഐ സംസ്ഥാന നേതൃത്വം മുട്ടുമടക്കുകയാണെന്നു പ്രതിനിധികൾ വിമർശിച്ചിരുന്നു.
മുൻകാലങ്ങളുമായി താരതമ്യം ചെയ്താൽ ഒട്ടും മികവില്ലാത്ത നേതൃത്വമാണ് സംസ്ഥാനതലത്തിലുള്ളത്. പാർട്ടിയുടെ വ്യക്തിത്വം സിപിഎമ്മിനു മുന്നിൽ അടിയറവു വയ്ക്കുകയാണെന്നും ആരോപണമുണ്ടായി. മുഖ്യമന്ത്രിയുടെ നവകേരളയാത്ര ഉല്ലാസയാത്രയായിരുന്നുവെന്നും അതിനിടയിൽ നടത്തിയ രക്ഷാദൗത്യം നാണക്കേട് ഉണ്ടാക്കിയെന്നും ആരോപണം ഉയർന്നു.
കേന്ദ്രം കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നതുപോലെ ധനവകുപ്പ് സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്കു പണം നല്കാതെ വരിഞ്ഞുമുറുക്കുകയാണെന്നും സംഘടന റിപ്പോർട്ടിൻമേലുള്ള പൊതുചർച്ചയിൽ ആരോപണങ്ങൾ ഉയർന്നു.
വാക്കേറ്റം, വിമർശനം
ഗ്രൂപ്പ് , പൊതു ചർച്ചകൾക്കിടെ അടൂരിൽനിന്നുള്ള പ്രതിനിധികൾ ചേരിതിരിഞ്ഞ് വാക്കേറ്റവും നടത്തി. ഇതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. പ്രതിനിധികളെ രൂക്ഷമായി വിമർശിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനമാണ് നടക്കുന്നത്. അതിന്റെ നിലവാരം പുലർത്തണം. വിമർശനങ്ങളെ മാനിക്കാൻ കഴിയാത്തവർക്ക് ഇറങ്ങിപ്പോകാമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതോടെയാണ് ബഹളം നിലച്ചത്.
മുൻ ജില്ലാ സെക്രട്ടറി എ.പി.ജയനെ വ്യാജപരാതിയുടെ പേരിൽ സംസ്ഥാന നേതൃത്വം മാറ്റിയെന്ന് ശനിയാഴ്ച ഒരുവിഭാഗം പ്രതിനിധികൾ കുറ്റപ്പെടുത്തി. മറ്റ് ജില്ലാ കമ്മിറ്റി അംഗങ്ങൾക്കെതിരേ അഴിമതി ആരോപണം ഉയർന്നപ്പോൾ ഒരു നടപടിയും എടുക്കാത്തത് വിഭാഗീയതയുടെ ഭാഗമാണ്. ജില്ലയിൽ വിഭാഗീയത കാൻസർ പോലെ പടരുകയാണെന്നും തിരുവല്ല കമ്മറ്റി ആരോപിച്ചു.
പോലീസിനെതിരേ
വെള്ളിയാഴ്ച അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ പോലീസ് അമിതാധികാരം കാട്ടുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു. എഡിജി.പി അജിത് കുമാറിനെപോലുള്ള ഉദ്യോഗസ്ഥർ മന്ത്രിമാരെ പോലുംഅംഗീകരിക്കുന്നില്ല. കൊടി സുനിയെപ്പോലുള്ള പ്രതികൾക്ക് ജയിൽ വിശ്രമകേന്ദ്രമാണെന്നും റിപ്പോർട്ടിൽ വിമർശിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെടാൻ കാരണം സിപിഎമ്മിന്റെ സംഘടനാവീഴ്ചകളും എകോപനത്തിലെ പോരായ്മകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മത്സരസാധ്യത മുന്നിൽകണ്ട് ചിറ്റയത്തെ നിർദേശിച്ച് നേതൃത്വം
പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജില്ലയിൽനിന്ന് ഒന്നിലധികം ആളുകൾ രംഗത്തെത്തുമെന്നായതോടെ മത്സരം ഒഴിവാക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. സംസ്ഥാന കൗൺസിൽ കൂടിയാലോചനയ്ക്കു ശേഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സെക്രട്ടറി സ്ഥാനത്തേക്കു നിർദേശിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം നടന്നാൽ പാർട്ടിയിലെ ചേരിതിരിവ് രൂക്ഷമാകുമെന്നു കണ്ടതോടെയാണിത്.
50 അംഗ ജില്ലാ കൗൺസിൽ അംഗങ്ങളെയും 28 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. മുൻ ജില്ലാ സെക്രട്ടറി എ.പി. ജയൻ ജില്ലാ കൗൺസിലിലേക്കു തിരിച്ചെത്തി. പാർട്ടി നടപടിക്കു വിധേയനായ അദ്ദേഹം താഴെത്തട്ടിൽനിന്നു സമ്മേളന പ്രതിനിധിയായി എത്തിയാണ് ജില്ലാ കൗൺസിലിൽ ഇടം നേടിയത്.
ജില്ലാ കൺസിലിൽ തിരികെ എത്തിയതിൽ ജയൻ സന്തോഷം പ്രകടിപ്പിച്ചു. പാർട്ടിയിൽ നടപടിക്കു വിധേയനായപ്പോൾ ഏറെ ദുഃഖിതനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭാരിച്ച ഉത്തരവാദിത്വമെന്ന് ചിറ്റയം ഗോപകുമാർ
പത്തനംതിട്ട: ജില്ലയിലെ പാർട്ടിയെ ഐക്യത്തോടെ കൂട്ടിയോജിപ്പിച്ചു ശക്തിപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് നിർവഹിക്കാനുള്ളതെന്നു സിപിഐ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാർ മാധ്യമങ്ങളോടു പറഞ്ഞു. ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലാണ് പുതിയ ചുമതല ഏൽക്കുന്നത്.
കർഷക തൊഴിലാളി - ട്രേഡ് യൂണിയൻ രംഗങ്ങളിലെ പ്രവർത്തന പരിചയവും പാർലമെന്ററി രംഗത്തെ അനുഭവങ്ങളും കരുത്താകുമെന്നാണ് പ്രതീക്ഷ. വർഗീയ - ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്നും ചിറ്റയം പറഞ്ഞു.