പൊതുവിദ്യാഭ്യാസ വകുപ്പിലെ റഫറണ്ടം ഫാസിസമെന്ന് എഎച്ച്എസ്ടിഎ
1584011
Friday, August 15, 2025 3:54 AM IST
പത്തനംതിട്ട: ഹയര്‍ സെക്കൻഡറി മേഖലയിലെ സർവീസ് പ്രശ്നങ്ങൾ, പ്രമോഷന് എന്നിവ വ്യത്യസ്തമായിരിക്കേ ഈ മേഖലയിലെ പ്രശ്നങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി സംഘടനകളെ ഉന്മൂലനം ചെയ്യുന്ന രീതിയിലുള്ള, റഫറണ്ടം ജനാധിപത്യവിരുദ്ധമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ.
വ്യത്യസ്ത സാഹചര്യങ്ങള്‍ ഉള്ളപ്പോൾ, ഈ മേഖലയിലെ പ്രശ്നങ്ങളെ വേര്‍തിരിച്ചു കാണേണ്ടതും അതിനുതകുന്ന രീതിയില്‍ ഇടപെടല്‍ നടത്തുന്നതിനും ആ മേഖലയ്ക്ക് മാത്രം പ്രാതിനിധ്യമുള്ള സംഘടന ആവശ്യമാണ്. ഈ കാഴ്ചപ്പാടോടെ ഹയര്‍ സെക്കൻഡറിക്ക് മാത്രം പ്രാതിനിധ്യ സ്വഭാവത്തിൽ, 2002ല്‍ ആദ്യമായി, അംഗീകാരം കിട്ടിയ അധ്യാപക സംഘടനയാണ് എയ്ഡഡ് ഹയര്‍ സെക്കൻറി ടീച്ചേഴ്സ് അസോസിയേഷനെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
റഫറണ്ടം നടത്തുമ്പോൾ, ഹയർ സെക്കൻഡറി മേഖലയെ പ്രത്യേകമായി കണ്ടുകൊണ്ട്, 25 ശതമാനം പ്രാതിനിധ്യമുള്ള സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നീക്കം ഉണ്ടാകണമെന്ന്എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു. പ്ലസ്ടു മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്, സര്‍ക്കാര്‍ പ്രത്യേകമായി പല മീറ്റിംഗുകള്‍ വിളിക്കുന്നതു തന്നെ മേഖലയിലെ പ്രശ്നങ്ങള്‍ വേറിട്ടതാണെന്ന് സൂചിപ്പിക്കുന്നു.
പൊതു വിദ്യാഭ്യാസ മേഖലയില്‍ മാത്രം, കാറ്റഗറി സംഘടന എന്ന പേരില്‍ ഹയര്‍ സെക്കൻഡറി സംഘടനകളെ ഒഴിവാക്കുന്നത് നീതീകരിക്കാവുന്നതല്ലെന്ന് എഎച്ച്എസ്ടിഎ ജില്ലാ പ്രസിഡന്റ് പി. ചാന്ദിനി പറഞ്ഞു.