ഓമല്ലൂരിൽ ചുഴലിക്കാറ്റ് നാശം വിതച്ചു
1584209
Sunday, August 17, 2025 4:13 AM IST
പത്തനംതിട്ട: ഇന്നലെ ഉച്ചയോടെ വീശിയടിച്ച ചുഴലിക്കാറ്റ് ഓമല്ലൂരിലും സമീപ പ്രദേശങ്ങളിലും വൻ നാശനഷ്ടം വിതച്ചു. രണ്ടാം വാർഡ് ഐമാലി മില്ല് ജംഗ്ഷന് സമീപം പത്തോളം വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. നെല്ലിക്കുന്നത്ത് രമാദേവിയുടെ വീടാണ് പൂർണമായും നശിച്ചത്.
സമീപത്തുനിന്ന പ്ലാവ് കടപുഴകി വീണാണ് നാശ നഷ്ടങ്ങൾ ഉണ്ടായത്. വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കം നശിച്ചു. അയൽവാസി തുളസി ഭവനത്തിൽ തുളസിദാസിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ നഷ്ടപ്പെട്ടു.
നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. വൈദ്യുത പോസ്റ്റുകളും കന്പികളും തകർന്നു. വൈദ്യുതി വിതരണവും നിലച്ചു. മരങ്ങൾ റോഡിലേക്ക് വീണു ഗതാഗതവും തടസപ്പെട്ടിരുന്നു.