ഏകാന്തതയുടെ വിരസതയകറ്റാൻ ‘ചാരെ’ പദ്ധതിയുമായി ഓർത്തഡോക്സ് സഭ
1584021
Friday, August 15, 2025 4:05 AM IST
പത്തനംതിട്ട: വാർധക്യത്തിലും ഏകാന്തതയിലും കഴിയുന്നവരെ സഹായിക്കാനായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ‘ചാരെ’ എന്ന പേരിൽ വയോജനശ്രദ്ധാ പദ്ധതിക്ക് തുടക്കമിടുന്നു.
ഉപജീവനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചതോടെ വീടുകളിൽ വാർധക്യത്തിലുള്ളർക്ക് ഏകാന്തതയും ഒറ്റപ്പെടലും ജീവിതത്തോടു പലർക്കും വിരസതയും അനുഭവപ്പെടുകയാണ്. ഈ സാഹചര്യം മനസിലാക്കിയാണ് ഓർത്തഡോക്സ് സഭ ഇത്തരമൊരു പദ്ധതിക്കു തുടക്കം കുറിക്കുന്നതെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
അഖില മലങ്കര പ്രാർഥനായോഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ 17 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിക്കും. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാർ സെറാഫീം അധ്യക്ഷത വഹിക്കും. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകും.
പ്രാർഥനായോഗം പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ് പദ്ധതി വിശദീകരണം നടത്തും. കുര്യാക്കോസ് മാർ ക്ലിമീസ് വലിയ മെത്രാപ്പോലീത്ത, ബിഷപ് ഡോ.സാമുവൽ മാർ ഐറേനിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ.തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ്, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. മത്തായി കുന്നിൽ, ഏബ്രഹാം ജോർജ്, സി.ഡി. റോയ് തുടങ്ങിയവർ പ്രസംഗിക്കും.
സഭയുടെ കേരളത്തിലെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നും ആയിരത്തിൽപരം പ്രതിനിധികൾ സംബന്ധിക്കും. പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രി നേതൃത്വത്തിൽ ഉച്ചയ്ക്ക് 12 ന് സൗജന്യ മെഡിക്കൽ പരിശോധനാ ക്യാമ്പും ഉണ്ടാകും. തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, പ്രാർഥനാ യോഗം കേന്ദ്ര വൈസ് പ്രസിഡൻറ് ഫാ.ബിജു മാത്യു പ്രക്കാനം, ഫാ. എബി ടി. സാമുവൽ, സജു ജോർജ്, നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.