വാർധക്യം എടുത്തെറിയപ്പെടേണ്ടതല്ല: കാതോലിക്കാ ബാവ
1584541
Monday, August 18, 2025 3:54 AM IST
പത്തനംതിട്ട: ജീവിതമൂല്യങ്ങളും അനുഭവ സമ്പത്തും കൈമുതലായുള്ള വാര്‍ധക്യം പുതുതലമുറയ്ക്കു പ്രയോജനപ്പെടുത്തേണ്ടത് കാലഘട്ടത്തിന് അനിവാര്യമെന്ന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രാര്‍ഥനായോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ചാരെ വയോജന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏകാന്തതയും ഒറ്റപ്പെടലുകളുമാണ് വയോജനങ്ങള്‍ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. സ്നേഹനിധികളായ മക്കളുണ്ടെങ്കിലും ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം പലപ്പോഴും മക്കള്‍ക്ക് മാതാപിതാക്കളെ അവരുടെ ബലഹീന അവസ്ഥകളില്‍ അവരാഗ്രഹിക്കുന്ന സംരക്ഷണം നല്കാന് സാധിക്കുന്നില്ല.
കൃത്യമായ കുടുംബകൂട്ടായ്മകളും ഒത്തുചേരലുകളും ഇന്നിന്റെ വാര്‍ധക്യ ഏകാന്തതകള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നും കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു, ജോസഫ് മാര്‍ ബര്‍ബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത,
ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ പ്രസംഗിച്ചു.