ഇരട്ടവോട്ട് വിവാദത്തില്‍ സമഗ്ര അന്വേഷണം വേണം: മന്ത്രി രാജന്
1584013
Friday, August 15, 2025 3:54 AM IST
സിപിഐ സമ്മേളനത്തിനു തുടക്കം
കോന്നി: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഇരട്ടവോട്ട് വിവാദത്തില്‍ സമഗ്ര അന്വഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് തയാറാകണമെന്ന് മന്ത്രി കെ. രാജന്. സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം കോന്നിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരട്ടവോട്ടുകള്‍ ചെയ്യാന്‍ രണ്ട് ഐഡികാര്‍ഡുകള്‍ സ്വന്തമാക്കിയെന്നത് ക്രമിനല്‍ കുറ്റമാണ്. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയും വോട്ടിംഗ് യന്ത്രത്തെ ദുരുപയോഗം ചെയ്തും തെരഞ്ഞെടുപ്പ് ജയിക്കാം എന്നുവരുന്നത് ജനാധിപത്യത്തിന്റെ ഭാവി അപകടപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിചാരിച്ചാല്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം ലഭിക്കുമെന്ന സ്ഥിതി വന്നാല്‍ ജുഡീഷറിയും അപകടത്തിലാണെന്നാണ് മനസിലാക്കേണ്ടതെന്നും മന്ത്രി രാജന് പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ. രാജേന്ദ്രന്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി .ആര് .ഗോപിനാഥൻ, ഡി സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ, ജി, രതീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി എലിയറക്കലില്‍ നിന്നും റെഡ് വോളണ്ടിയര്‍ മാര്‍ച്ച് നടന്നു. പ്രതിനിധി സമ്മേളനം ഇന്നു രാവിലെ വകയാർ മേരിമാതാ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.