മംഗളൂരു, രാജ്യറാണി ട്രെയിനുകളുടെ തിരുവല്ല സ്റ്റോപ് പുനഃസ്ഥാപിച്ചു
1584539
Monday, August 18, 2025 3:54 AM IST
പത്തനംതിട്ട: മംഗളൂരുവില്‍ നിന്നുള്ള 16348 തിരുവനന്തപുരം എക്സ്പ്രസ്, നിലമ്പൂര്‍ റോഡ് - തിരുവനന്തപുരം നോര്‍ത്ത് (16350) രാജ്യറാണി എക്സ്പ്രസ് ട്രെയിനുകളുടെ തിരുവല്ല സ്റ്റോപ്പ് പുനഃസ്ഥാപിച്ചു. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ സ്റ്റോപ് പുനഃസ്ഥാപിക്കുന്നതിലേക്ക് ആവശ്യം ശക്തമായിരുന്നു. രണ്ട് ട്രെയിനുകള്‍ക്കും ഇന്നു മുതല്‍ സ്റ്റോപ്പുണ്ടാകുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു.
രണ്ട് ട്രെയിനുകള്‍ക്കും വടക്കോട്ടുള്ള യാത്രയില്‍ തിരുവല്ല സ്റ്റോപ്പ് നിലനിര്‍ത്തിയിരുന്നു. എന്നാല്‍ മടക്കയാത്രയില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. മംഗളൂരു തിരുവനന്തപുരം ട്രെയിന്‍ രാത്രി 12.56നും രാജ്യറാണി എക്സ്പ്രസ് പുലര്‍ച്ചെ 2.28നുമാണ് തിരുവല്ലയില്‍ എത്തുക.
മധുര - തിരുവനന്തപുരം അമൃത എക്സ്പ്രസിന്റെ തിരുവല്ല സ്റ്റോപ്പ് ഇനി പുനഃസ്ഥാപിക്കാനുണ്ട്. വടക്കന്‍ മേഖലയില്‍ നിന്നും തിരുവല്ലയില്‍ ഇറങ്ങാനായി ഏറെ ബുദ്ധിമുട്ടാണ ്അനുഭവിച്ചുവരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ടിരുന്നതായി എംപി പറഞ്ഞു.