മഹാപ്രളയത്തിന്റെ ഏഴാണ്ട്
1584019
Friday, August 15, 2025 4:05 AM IST
നടുക്കുന്ന ഓർമകളിൽ പന്പാതീരം
പത്തനംതിട്ട: 2018 ഓഗസ്റ്റിലെ സ്വാതന്ത്ര്യദിനം പന്പാതീരവാസികൾക്ക് ഒരിക്കലും മറക്കാനാകില്ല. 14നു രാത്രിയും 15നു പകലുമായി ഉണ്ടായ ഭീകരാന്തരീക്ഷത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറാത്ത പ്രദേശങ്ങളുണ്ട്. മാനത്തു മഴക്കാറ് കാണുന്പോൾ മലയോര വാസികൾക്ക് ഇപ്പോഴും ഉള്ളിൽ ഭീതിയാണ്. അപ്രതീക്ഷിതമായ വെള്ളംവരവും അതുണ്ടാക്കിയ പ്രത്യാഘാതവും അത്രയ്ക്കു വലുതായിരുന്നു.
പതിറ്റാണ്ടുകളുടെ അധ്വാനഫലം പൂർണമായി വെള്ളം കൊണ്ടുപോയി. വർഷങ്ങളേറെ കഴിഞ്ഞിട്ടും നഷ്ടപ്പെട്ടതു പൂർണമായി വീണ്ടെടുക്കാൻ പലർക്കും ഇപ്പോഴും ആയിട്ടില്ല. ഓഗസ്റ്റ് 14നു രാത്രി പന്പയുടെ കിഴക്കൻ മേഖലയിൽ തുടങ്ങിവച്ച പ്രളയം താഴേക്കു നീങ്ങി ആഴ്ചകളോളം കെടുതികൾ സമ്മാനിച്ചു. പണ്ട് വെള്ളപ്പൊക്കത്തെ ഉത്സവമാക്കിയ ജനമനസുകളിലേക്ക് ആകുലതയുടെ അഗ്നിയാണ് കോറിയിട്ടത്.
എല്ലാം പെട്ടെന്ന്
പതിവിൽ കവിഞ്ഞ മഴയാണ് 2018ൽ കുറഞ്ഞ ഒരു കാലയളവു കൊണ്ടു ലഭിച്ചത്. ജൂലൈ രണ്ടാം വാരം മുതൽ മഴ ശക്തമായി. പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ കക്കിയും പമ്പയും നിറഞ്ഞത് പെട്ടെന്നായിരുന്നു.
ഓഗസ്റ്റ് ഒന്പതിന് വർഷങ്ങൾക്കു ശേഷം കക്കി - ആനത്തോട് അണക്കെട്ട് തുറന്നു. പിന്നാലെ പന്പയുടെ ഷട്ടറുകളും തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കി. ജലനിരപ്പ് 100 ശതമാനത്തോടടുത്ത് എത്തിയപ്പോൾ മാത്രമാണ് ഇതു തുറന്നു തുടങ്ങിയത്. രണ്ടു ദിവസത്തിനുള്ളിൽ മഴ കുറഞ്ഞതോടെ ഷട്ടറുകൾ താഴ്ത്തി. എന്നാൽ, സ്ഥിതിഗതികൾ വീണ്ടും മാറിമറിഞ്ഞു. ഓഗസ്റ്റ് 12 മുതൽ കനത്ത മഴ.
ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് താപം ഏറിയ മേഖലയിലേക്ക് പറന്നെത്തുമെന്നു വ്യക്തമായതോടെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ മുന്നറിയിപ്പ് കേരളത്തിനു നൽകി. പക്ഷേ, അധികൃതർ കുലുങ്ങിയില്ല.
മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നു
13, 14 തീയതികളിൽ മേഘ വിസ്ഫോടനത്തോടെ മഴ അലറി പ്പെയ്തു. ഡാമുകൾ കവിയുമെന്നു വ്യക്തമായതോടെ പത്തനംതിട്ട ജില്ലാ കളക്ടറുടെ അനുമതി പോലും കാക്കാതെയാണ് പമ്പയും കക്കിയുടെ സ്പിൽവേ ഡാമായ അനത്തോടും 14ന് വൈകുന്നേരം തുറന്നത്. ആനത്തോട് അണക്കെട്ടിൽനിന്നു സെക്കൻഡിൽ 85,300 ലീറ്ററും പമ്പ അണക്കെട്ടിൽനിന്നു സെക്കൻഡിൽ 47,000 ലിറ്റർ ജലവുമാണു പുറത്തുവിട്ടത്.
ആനത്തോട് ഡാമിൽനിന്നു പ്രവഹിച്ച ജലത്തിന്റെ ആഘാതം താങ്ങാൻ കഴിയാതെ ഒരു മല പൂർണമായും ഇടിഞ്ഞുപോയി. രാത്രിയായതോടെ രണ്ട് അണക്കെട്ടുകളുടെയും ഷട്ടറുകൾ കൂടുതൽ ഉയർത്തി. രാത്രി 10നു രണ്ടിടത്തുനിന്നുമായി സെക്കൻഡിൽ 4.68 ലക്ഷം ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കി. രാത്രി ഒന്നിന് ഇത് 6.5 ലക്ഷവും പുലർച്ചെ ആറോടെ സെക്കൻഡിൽ 9.39 ലക്ഷം ലിറ്ററുമായി ഉയർന്നു.
14നു രാത്രി എട്ടോടെ പമ്പാ ത്രിവേണിയിൽ ജലം കുതിച്ചെത്തി. ശബരിമല പമ്പയിലെ നടപ്പന്തൽ അടക്കം മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. 12ഓടെ വടശേരിക്കരയും റാന്നിയുമെല്ലാം മുങ്ങി. നേരം പുലർന്നതോടെ റാന്നിയിൽ ഇരുനില കെട്ടിടത്തിന്റെ ഉയരത്തിൽ ജലം എത്തി. പിന്നാലെ അയിരൂരും ചെറുകോൽപ്പുഴയും കോഴഞ്ചേരിയും ആറന്മുളയും പുല്ലാടുമെല്ലാം വെള്ളത്തിൽ മുങ്ങി.
നദീ തീരത്തുനിന്ന് കിലോമീറ്ററുകൾക്കപ്പുറത്തേക്ക് വെള്ളം എത്തി. റോഡുകളിലൂടെയുള്ള യാത്രകൾ 15ന് ഉച്ചയോടെ നിലച്ചു തുടങ്ങി. അപ്രതീക്ഷിതമായ പ്രളയത്തിൽ നാട് വിറങ്ങലിച്ചു.
ശക്തമായ മഴ തുടർന്ന സാഹചര്യത്തിൽ മണിമലയും അച്ചൻകോവിൽ നദികളും കവിഞ്ഞൊഴുകി. പടിഞ്ഞാറൻ മേഖല പൂർണമായി മുങ്ങി.
നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വീടുകളിൽ പലരും കുടുങ്ങി. രക്ഷാപ്രവർത്തനം ദുഷ്കരമായി.
ഹെലികോപ്റ്റർ മാർഗമാണ് നിരവധിപേരെ രക്ഷപ്പെടുത്തിയത്. ജില്ലയിൽ 106 ദുരിതാശ്വാസ ക്യാംപുകൾ ആദ്യഘട്ടത്തിൽ തുറന്നിരുന്നു. 2,331 കുടുംബങ്ങളിലെ 8,788 പേരെ മാറ്റി പാർപ്പിച്ചു. ചെങ്ങന്നൂരിലെ ആകെയുള്ള നാലുലക്ഷം പേരിൽ 1,60,000 പേരെ ഈ പ്രളയം ബാധിച്ചു.
ഒറ്റ ദിനംകൊണ്ട് സർവതും നഷ്ടപ്പെട്ടവർ നിരവധി
പ്രളയംമൂലം ജീവനോപാധികൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. വായ്പയെടുത്തും മറ്റും ജീവിതം കരുപ്പിടിപ്പിച്ചുവന്ന നിരവധിയാളുകളുടെ സ്വപ്നമാണ് ഒറ്റദിവസംകൊണ്ട് തകർന്നത്. അതിജീവനത്തിന്റെ പാതയിലായ ഇവരിൽ പലരും ഏഴു വർഷം പിന്നിടുന്പോഴും അന്നു നേരിട്ടകെടുതികളിൽനിന്നു പൂർണവിമുക്തരല്ല.
റാന്നി, വടശേരിക്കര, അയിരൂർ, ചെറുകോൽപ്പുഴ, കോഴഞ്ചേരി, ആറന്മുള, ആറാട്ടുപുഴ, മാരാമൺ മേഖലകളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. എന്നാൽ, വ്യാപാരികൾക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറായില്ല. ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടായിരുന്നവർക്കു മാത്രമാണ് എന്തെങ്കിലും സഹായം ലഭിച്ചത്. നഷ്ടപരിഹാരം തേടി വ്യാപാരികൾ പല വാതിലുകളും മുട്ടിയെങ്കിലും ഫലമുണ്ടായില്ല.
ആടുമാടുകൾ, കൃഷി, സ്വയംസംരംഭങ്ങൾ, വാഹനങ്ങൾ ഇവ നഷ്ടപ്പെട്ടവരും ഏറെയുണ്ടായി. വീടുകൾക്കും കെട്ടിടങ്ങൾക്കുമുണ്ടായ നഷ്ടങ്ങളുടെ കണക്കെടുപ്പു പോലും ഉണ്ടായില്ല. സർക്കാർ ഓഫീസുകളിലെ വിലപ്പെട്ട രേഖകൾ അടക്കം നഷ്ടപ്പെട്ടു. ജലവൈദ്യുത പദ്ധതികളിൽ ജനറേറ്ററുകളും മറ്റു മെഷീനുകളും വെള്ളം കയറി നശിച്ചു.