വാഹനങ്ങളുടെ ശവപ്പറമ്പായി കളക്ടറേറ്റ് : അടിയന്തര ആവശ്യങ്ങള്‍ക്ക് വാഹനമില്ല
1584546
Monday, August 18, 2025 4:09 AM IST
പത്തനംതിട്ട: ആരോഗ്യ വകുപ്പിന് അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍പോലും വാഹനമില്ലെന്നിരിക്കേ വാഹനങ്ങളുടെ ശവപ്പറമ്പായി കളക്ടറേറ്റ് പരിസരം മാറുന്നു. ഉപയോഗശൂന്യമായ സര്‍ക്കാര്‍ വാഹനങ്ങൾ സൂക്ഷിക്കുന്ന സ്ഥലമായി പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് വളപ്പിനെ അധികൃതര്‍ മാറ്റിയിരിക്കുകയാണ്.
ഈ വാഹനങ്ങളില്‍ ഭൂരിഭാഗവും ആരോഗ്യ വകുപ്പിന്റേതാണ്. കളക്ടറേറ്റില്‍ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫീസുകളിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലെന്നിരിക്കവേയാണ് പഴയതും കേടുവന്നതുമായ വാഹനങ്ങള്‍ കളക്ടറേറ്റ് പരിസരത്ത് കിടക്കുന്നത്.
പല വാഹനങ്ങളും ചെറിയ തോതില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ നിരത്തിലിറക്കാന്‍ കഴിയുന്നവയാണ്. എന്നാല്‍ ഇവയെല്ലാം ഒരേപോലെ മാറ്റിയിട്ടിരിക്കുകയാണ്. ശബരിമല തീര്‍ഥാടനകാലത്തും മറ്റും ആരോഗ്യവകുപ്പ് വാഹനക്ഷാമം നേരിടുന്നുണ്ട്. നിലവില്‍ വനമേഖലയിലും മറ്റും ക്യാമ്പുകള്‍ക്ക് എത്താന്‍ വാഹനമില്ലാത്ത സ്ഥിതിയാണ്.
സര്‍ക്കാര്‍ വാഹനങ്ങളുടെ കുറവ് കാരണം ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പല ഘട്ടങ്ങളിലും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയും ഉണ്ട്.
വാഹനക്ഷാമം അന്വേഷിക്കാന്‍ നിര്‍ദേശം
ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിൽ ആരോഗ്യ വകുപ്പിന് ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലെന്ന പരാതി പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം.
ആരോഗ്യ വകുപ്പിന് കൂടുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ അനുവദിക്കണമെന്നും ഉപയോഗ ശൂന്യമായി കളക്ടറേറ്റ് വളപ്പില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ ഉടന്‍ നീക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിംഗ് നല്കിയ പരാതിയിലാണ് നിര്‍ദേശം.
ആരോഗ്യ വകുപ്പിന് വാഹനങ്ങള്‍ കുറവാണെന്ന കാര്യം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും കളക്ടറേറ്റ് പരിസരത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്കി.