മഹിളാ സാഹസ് കേരളയാത്ര നാളെ ജില്ലയിലെത്തും
1584022
Friday, August 15, 2025 4:05 AM IST
പത്തനംതിട്ട: മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിള സാഹസ് കേരളയാത്ര നാളെ മുതൽ 26 വരെ ജില്ലയിൽ പര്യടനം നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 56 മണ്ഡലങ്ങളിൽ യാത്ര എത്തിച്ചേരും. നാളെ രാവിലെ ഒന്പതിന് തിരുവല്ല കടപ്രയിൽ ആദ്യ സ്വീകരണ യോഗം ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം െചയ്യും. 26 ന് മൂന്നിന് കോന്നിയിൽ സമാപിക്കും.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ തലങ്ങളിലും മഹിളാ കോൺഗ്രസിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുക, ജനവിരുദ്ധ, സ്ത്രീവിരുദ്ധ മുഖമുള്ള പിണറായി സർക്കാരിനെതിരേ സ്ത്രീകളുടെയും പ്രതിരോധം തീർക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യാത്ര. ലഹരിക്കെതിരേ അമ്മമാർ പോരാളികൾ, ജ്വലിക്കട്ടെ സ്ത്രീശക്തി, ഉണരട്ടെ കേരളം ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ എന്നീ മുദ്രാവാക്യമുയർത്തിയാണ് യാത്ര. ജാഥയിൽ സംസ്ഥാനത്തെ സ്ത്രീ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുമെന്നും ഭാരവാഹികൾ പറഞ്ഞു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണു നാഥ് എംഎൽഎ , യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, മുൻ കേന്ദ്രമന്ത്രി പി.ജെ. കുര്യൻ, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് , കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നസീർ, രാഷ്ട്രീയ കാര്യസമിതി അംഗം ബിന്ദു കൃഷ്ണ,
സി.ആർ. മഹേഷ് എംഎൽഎ , രമ്യ ഹരിദാസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുക്കും. മഹിളാ കോൺഗ്രസ് ജല്ലാ പ്രസിഡന്റ് രജനീ പ്രദീപ്, ഡിസിസി വൈസ് പ്രസിഡന്റ് എലിസബത്ത് അബു, ലീലാ രാജൻ, ഷെറിൻ എം.തോമസ്, സജിനിമോഹൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.