സുബല പാര്‍ക്ക്: ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി; 75 ലക്ഷം രൂപയുടെ നിര്‍മാണ പദ്ധതി
1584836
Tuesday, August 19, 2025 6:08 AM IST
പത്തനംതിട്ട: നഗരത്തിലെ സുബല പാര്‍ക്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. അമൃത് 2.ഒ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപയുടെ പുനരുദ്ധാരണ പദ്ധതിക്കാണ് തുടക്കമാക്കുന്നത്.
ജില്ലാ പട്ടികജാതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സുബല പാര്‍ക്കിലെ തടാകത്തിന് സംരക്ഷണഭിത്തി കെട്ടി ചുറ്റും ടൈല്‍ പാകി നടപ്പാത ഒരുക്കുന്ന പദ്ധതിക്കാണ് പ്രതിബന്ധങ്ങള്‍ നീക്കി തുടക്കം കുറിക്കുന്നത്. പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ അമൃത് പദ്ധതിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് അനുമതി നേടിയെങ്കിലും നിര്‍വഹണം നഗരസഭയെ ഏല്പിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടായി.
പദ്ധതിയില്‍ പങ്കാളിത്തമോ നടത്തിപ്പ് ചുമതലയോ നഗരസഭ ചോദിച്ചിട്ടില്ലെന്നും ജില്ലാ ആസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ വിശ്രമകേന്ദ്രമാക്കി പദ്ധതിയെ മാറ്റാന്‍ നഗരസഭ സഹായം ചെയ്യുക മാത്രമാണെന്നും കാണിച്ച് നഗരസഭ ചെയര്മാന് പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് 2023ല്‍ കത്ത് നല്കി. തുടര്‍ന്ന് നഗരസഭയുടെ മേല്‍നോട്ടത്തില്‍ നിലവിലെ നിര്‍വഹണ ഏജന്‍സിയായ ജില്ലാ നിര്‍മിതി കേന്ദ്രത്തെ വകുപ്പ് ചുമതലപ്പെടുത്തി.
എന്നാല്‍ തങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന പ്രവൃത്തികളുടെ തുക അധികരിച്ചതിനാല്‍ പദ്ധതി ഏറ്റെടുക്കാനാകില്ലെന്ന് നിര്‍മിതി കേന്ദ്രം അറിയിച്ചു. ഇതോടെ ലഭിച്ച തുക നഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടി നിര്‍വഹണം ഏറ്റെടുക്കാന്‍ നഗരസഭ തയാറാണെന്നു പട്ടികജാതി വികസന വകുപ്പിനെ അറിയിക്കുകയായിരുന്നു. 2024 ജൂലൈ 22 ന് നഗരസഭയ്ക്ക് വകുപ്പിന്റെ നിര്‍വഹണ അനുമതി ലഭിച്ചു. 1995 -96ല്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തയാറാക്കിയതാണ് സുബല പാര്‍ക്ക് പദ്ധതി. പ്രാഥമിക നടപടികള്‍ അന്ന് പൂര്‍ത്തീകരിച്ചെങ്കിലും പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.
തടാകത്തില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതുമൂലമുള്ള കാലതാമസം ഒഴിവാക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ കൂടി പൂര്‍ത്തീകരിച്ച് കരാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് നഗരസഭ. പുതുതായി നിര്‍മിക്കുന്ന നടപ്പാത പ്രഭാത സായാഹ്ന നടത്തത്തിന് നഗരത്തെ ആശ്രയിക്കുന്ന ജനങ്ങള്‍ക്കും പ്രയോജനപ്രദമാകും. ഈ മാസംതന്നെ നിര്‍മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ ഹുസൈന് പറഞ്ഞു.