കല്ലൂപ്പാറയിൽ ഓണവിപണി ലക്ഷ്യമിട്ടുള്ള വിളവുകൾ കാട്ടുപന്നി നശിപ്പിച്ചു
1585080
Wednesday, August 20, 2025 3:58 AM IST
കല്ലൂപ്പാറ: കല്ലൂപ്പാറ പഞ്ചായത്ത് പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി . ഐക്കരപ്പടി മേഖലയിൽ കഴിഞ്ഞ ദിവസം മാത്രം പത്തിലധികം കർഷകരുടെ കൃഷി നശിപ്പിച്ചു. ഓണവിപണി ലക്ഷ്യമിട്ടു കൃഷി ചെയ്തിരുന്ന കിഴങ്ങുവർഗങ്ങളുൾപ്പെടെയുള്ളവയാണ് പന്നി കൊണ്ടുപോയത്.
ഭക്ഷ്യവിളകൾ മാത്രമല്ല, നാണ്യവിളകളും മറ്റു ഫലവൃക്ഷത്തൈകളുമെല്ലാം നശിപ്പിച്ചു . ഐക്കരപ്പടിക്കു സമീപം മണ്ണഞ്ചേരിയിൽ സാബു വർഗീസ്, മുണ്ടോക്കുളത്ത് ഏബ്രഹാം തോമസ് എന്നിവരുടെ ചേമ്പ്, കപ്പ, ചേന തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. ഇരുമ്പു വേലികെട്ടിഭദ്രമാക്കിയ ഏബ്രഹാം തോമസിന്റെ കൃഷിയിടത്തിനു ചുറ്റം സ്ഥാപിച്ചിരുന്ന വേലിക്കടിയിലെ മണ്ണ് തുരന്നാണ് പന്നികൾ കയറിയത്.
പ്ലാസ്റ്റിക് വലകൊണ്ടുള്ള വേലി കടിച്ചു മുറിച്ചാണ് സാബുവിൻ്റെ കൃഷിയിടത്തിൽ കടന്നത്. ഇരുവരുടെയും കാർഷിക വിളകളുടെ നല്ല ഭാഗവും നശിപ്പിച്ചു. ഈ മേഖലയിൽ പലരുടെയും ഏക്കറുകണക്കിന് പുരയിടം കാടുമൂടി കിടക്കുന്നു. അവയ്ക്കിടയി ലാണ് പന്നികളുടെ താവളം. കിഴങ്ങുവർഗ കൃഷിക്കു പുറമേ തെങ്ങിൻ തൈകൾ, കുരുമുളക് വള്ളികൾ, കൊക്കോ ഉൾപ്പെടെയുള്ള വിളകളും പന്നികൾ നശിപ്പിക്കുന്നു.
പഴ വർഗ തൈകളും കമുകിൻ തൈകളും നശിപ്പിച്ചിട്ടുണ്ട്. റബർ മരങ്ങളുടെ തൊലിക്ക് കേടുവരുത്തി. ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാൻ ലൈസൻസുള്ള ഷൂട്ടർമാർക്ക് പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ടെങ്കിലും അവരുടെ സേവനം ഉപയോഗപ്പെടുത്താൻ അധികൃതർ താത്പര്യം കാട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി. കാടുകയറി കിടക്കുന്ന ഭൂമി വൃത്തിയാക്കാൻ പഞ്ചായത്ത് തയാറാകുകയോ വസ്തുഉടമകൾക്ക് നിർദേശം നൽകുകയോ വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു.