ന്യൂനപക്ഷങ്ങള്‍ക്കുനേരേയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധം
1584832
Tuesday, August 19, 2025 6:08 AM IST
റാന്നി: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളിലും ഭീഷണിയിലും മാര്‍ത്തോമ്മ സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു.
ന്യൂനപക്ഷങ്ങള്‍ ഭയത്തില്‍ കഴിയുകയാണ്. ഇത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന് അപമാനമാണെന്ന് കൗണ്‍സില്‍ യോഗം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ മതേതരത്വവും സാഹോദര്യവും തകര്‍ക്കുന്ന നടപടികള്‍ അവസാനിപ്പിക്കുവാന്‍ ഭരണകൂടങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. . തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകള്ക്കതിരേ എടുത്ത കേസ് റദ്ദ് ചെയ്യണം.
എല്ലാ മതവിഭാഗങ്ങളെയും സമഭാവനയോടെയാണ് ക്രൈസ്തവര്‍ കാണുന്നത്. രാജ്യത്തിന്റെ നിയമങ്ങളും സംസ്കാരവും എന്നും ഉയര്‍ത്തി പിടിച്ചിട്ടുണ്ടെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഫ്രെഡി ഉമ്മന്‍ പ്രമേയം അവതരിപ്പിച്ചു. ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍, ട്രഷറര്‍ അനു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.