പട്ടയഭൂമിയിൽനിന്നു മുറിച്ചെടുത്ത മരം വനംവകുപ്പ് തടഞ്ഞു; സംഘർഷം
1585247
Thursday, August 21, 2025 3:42 AM IST
തണ്ണിത്തോട്: മണ്ണീറയിൽ പട്ടയ ഭൂമിയിൽനിന്നു മുറിച്ചുമാറ്റിയ മരം വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്നതിനിടയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞതിനെത്തുടർന്ന് സംഘർഷം. മരം മുറിച്ചത് അനുമതി തേടാതെയാണെന്ന പേരിലാണ് കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരെത്തി വാഹനം തടഞ്ഞത്.
മണ്ണീറ പാലനിലനിൽക്കുന്നതിൽ മറിയാമ്മയുടെയും രവി അമ്പാട്ടുഴത്തിലിന്റെയും പട്ടയഭൂമിയിൽ നട്ടുവളർത്തിയിരുന്ന പ്ലാവ് തടിയാണ് മുറിച്ചുമാറ്റിയത്. പട്ടയഭൂമിയിലെ മരങ്ങൾ വ്യവസ്ഥകൾക്കു വിധേയമായി മുറിച്ചുമാറ്റാൻ അനുമതിയുള്ളപ്പോഴാണ് വനംവകുപ്പ് ഇടപെടലുണ്ടായത്.
വാഹനം വനംവകുപ്പ് തടഞ്ഞതറിഞ്ഞു സിപിഎം പ്രവർത്തകരും പ്രദേശവാസികളും സ്ഥലത്ത് സംഘടിച്ചു. ഇതോടെ പ്രതിഷേധവും സംഘർഷവും രൂപപ്പെട്ടു. പ്രതിഷേധം കടുത്തതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വാഹനം വിട്ടുനൽകി.