ഏഴാച്ചേരിയില്‍ ഒന്നര മാസമായി വഴിവിളക്ക് കത്തുന്നില്ല
1373941
Monday, November 27, 2023 11:39 PM IST
പാലാ: ഏഴാച്ചേരിയില്‍ ഒന്നര മാസമായി വഴിവിളക്ക് കത്തുന്നില്ല. ഇരുപത്തെട്ടുകുന്ന് സ്കൂള്‍ മുതല്‍ കാവിന്‍പുറം കാണിക്കമണ്ഡപം കവലവരെയുള്ള ഭാഗത്തെ വഴിവിളക്കുകളാണ് കൂട്ടത്തോടെ കണ്ണടച്ചത്. ഇതുമൂലം രാത്രികാല യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്.
ഒന്നരമാസം മുമ്പ് മുതലാണ് വഴിവിളക്കുകള്‍ കത്താതായത്. ഇരുപത്തെട്ടുകുന്ന് സ്കൂള്‍ ജംഗ്ഷനിലെ ട്രാന്‍സ്ഫോര്‍മറിന് സമീപമുള്ള വഴിവിളക്കുകളുടെ ബോക്സ് മഴവെള്ളമിറങ്ങിയും ഇടിവെട്ടി നശിക്കുകയും ചെയ്തുവെന്നാണ് കെഎസ്ഇബി അധികാരികള്‍ പറയുന്നത്.
വഴിവിളക്കുകള്‍ കൂട്ടത്തോടെ കത്താതായതോടെ രാത്രിയും പുലര്‍ച്ചെയും നടപ്പുവ്യായമത്തിലേര്പ്പെടുന്നവര് ഉള്‍പ്പെടെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. വഴിവക്കില്‍ കാടും പടലും കയറിക്കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. രാത്രി ബസിലും മറ്റും ഇറങ്ങി ഇതുവഴിയെ നടന്നുപോകുന്ന യാത്രക്കാര്‍ ബുദ്ധിമുട്ടിലാണ്.
ഇതുസംബന്ധിച്ച് നാട്ടുകാരില്‍ പലരും നിരവധി തവണ രാമപുരം കെഎസ്ഇബി അധികാരികളോട് നേരിട്ടും ഫോണിലും പരാതി പറഞ്ഞു.
രണ്ടു ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്നും വഴിവിളക്കുകള്‍ കത്തിക്കുമെന്നും അധികാരികള്‍ ഉറപ്പുനല്‍കിയിട്ട് മാസമൊന്ന് കഴിഞ്ഞെങ്കിലും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഏഴാച്ചേരി സെന്റ് ജോണ്‍സ് പള്ളിയിലെ തിരുനാളും കാവിന്‍പുറം ക്ഷേത്രത്തിലെ ഉത്സവവും അടുത്തിരിക്കുകയാണ്. ഇതിനു മുമ്പായെങ്കിലും വഴിവിളക്കുകള്‍ തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.