അന്നം മുടക്കാന്‍ ഇ-പോസും സര്‍ക്കാരും
1373959
Monday, November 27, 2023 11:53 PM IST
കോട്ടയം: പല ദിവസങ്ങളിലും അന്നം മുടക്കുകയാണ് ഇ-പോസ് മെഷീന് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍). സാങ്കേതിക തടസങ്ങള്‍ പതിവായതോടെ പല ദിവസങ്ങളിലും റേഷന്‍ സാധനങ്ങളുടെ വിതരണം മുടങ്ങുന്നു.
ഇ-പോസ് തകരാറില്‍ റേഷന്‍ മുടക്കം പതിവായിട്ടും പരിഹരിക്കാൻ താൽപര്യം കാട്ടാതെ സർക്കാർ. ഇ-പോസ് സംവിധാനം നിലവിൽ വരുന്പോൾ 84 ലക്ഷം കാര്‍ഡ് ഉടമകളായിരുന്നു ഉണ്ടായിരുന്നത്. ഇത് 93 ലക്ഷമായി വര്‍ധിച്ചു. വില്‍പ്പന ഇ-പോസ് സംവിധാനത്തിലൂടെ മാത്രമാക്കിയെങ്കിലും സെര്‍വര്‍ശേഷി വര്‍ധിപ്പിച്ചില്ല.
ബാങ്കിംഗ് ഉള്‍പ്പെടെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന ഒരു സ്ഥാപനത്തിലും ഇത്തരത്തില്‍ ഓണ്‍ലൈന്‍ തടസം ഉണ്ടാകാറില്ല. കേരളത്തില്‍ മാത്രമാണ് ഇ-പോസ് പതിവായി പണിതരുന്നത്.
70 ശതമാനം പേരും റേഷന്‍ വാങ്ങാന്‍ എത്തുന്ന മാസാവസാനമാണ് മെഷീന് കൂടുതലായും പണിമുടക്കുന്നത്. മാസാവസാനമാണ് 70 ശതമാനം പേരും റേഷന്‍ വാങ്ങാന്‍ എത്തുന്നത്. തിരക്കു കൂടമ്പോള്‍ സെര്‍വര്‍ പണിമുടക്കുന്നതിനാല്‍ പലരും റേഷന്‍ വാങ്ങാതെ മടങ്ങും. പലര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നഷ്ടമാകും. സര്‍ക്കാര്‍ ഇത് നേട്ടമായി കാണുന്നതായാണ് റേഷന്‍ വ്യാപാരികള്‍ പങ്കുവയ്ക്കുന്ന സംശയം.
മുഴുവന്‍ കാര്‍ഡ് ഉടമകളും റേഷന്‍ സാധനങ്ങള്‍ വാങ്ങിയാല്‍ പിറ്റേമാസം കടുത്ത ക്ഷാമമാകും നേരിടുക. കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയില്ലെങ്കില്‍ ഡീലര്‍ക്ക് കമ്മിഷന് ലഭിക്കില്ല.
ഒരു കിലോ അരിക്ക് 1.80 രൂപയാണ് റേഷന്‍ ഡീലര്‍ക്ക് ലഭിക്കുക. 18,000 രൂപ അടിസ്ഥാന വേതനവും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന വേതനത്തില്‍ 2000 രൂപ സര്‍ക്കാര്‍ കുറയ്ക്കും. 60 ശതമാനത്തില്‍ താഴെയായാല്‍ 2000 രൂപ വീണ്ടും വെട്ടും. ഇ പോസ് മെഷീന് പരിഷ്കരിക്കുന്നതിനോ, പുതിയത് നല്‍കുന്നതിനോ നടപടികളില്ല.
രാജ്യത്ത് എവിടെയും റേഷന്‍ വാങ്ങാമെന്ന സംവിധാനം വന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളില്‍ ചിലരും റേഷന്‍ വാങ്ങാനെത്തുന്നുണ്ട്. പല ഘട്ടമായി ഏതു റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങാം എന്നു വന്നതോടെ അധ്വാനം കൂടുകയാണ്.