ശബരി എയര്‍പോര്‍ട്ട് ; അതിരുകല്ലുകള്‍ സ്ഥാപിച്ചുതുടങ്ങി
1373960
Monday, November 27, 2023 11:53 PM IST
എരുമേലി: എരുമേലി ശബരി വിമാനത്താവളം നിര്‍മാണത്തിന് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അലൈന്മെന്റ് ജോലികള്‍ തുടങ്ങി. സ്വകാര്യവ്യക്തികളുടെ 307 ഏക്കറും ബിലിവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള 2300 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റുമാണ് അതിര്‍ത്തി നിശ്ചയിച്ച് കല്ലിടുന്നത്. ഈ നടപടിക്കുശേഷമാണ് ഭൂമി തിട്ടപ്പെടുത്തി എയര്‍പോര്‍ട്ട് നിര്‍മാണം സംബന്ധിച്ച സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നത്.
പിന്നീട് ഏറ്റെടുക്കേണ്ട സ്ഥലം റവന്യൂ വകുപ്പ് അളന്ന് നഷ്ടപരിഹാരം നിശ്ചയിക്കും. സ്ഥലം ഉടമകളുമായി ചര്‍ച്ച നടത്തി പ്രത്യേക പാക്കേജിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ബിലീവേഴ്സ് ചര്‍ച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റ് മൊത്തമായി ഏറ്റെടുക്കും. എന്നാല്‍ റണ്‍വേ നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം മാത്രമേ സ്വകാര്യ വ്യക്തികളില്‍നിന്ന് ഏറ്റെടുക്കൂ.
307 ഏക്കര്‍ എസ്റ്റേറ്റിന് പുറത്ത് ആവശ്യമായി വരുമെന്നാണ് കരുതിയതെങ്കിലും പരമാവധി 200 ഏക്കറേ വേണ്ടിവരൂ എന്നാണ് നിഗമനം.വിമാനത്താവളം യാഥാര്‍ഥ്യമാകുമെന്നതിന്റെ ആദ്യപടിയാണ് ഇപ്പോള്‍ നടക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2,560 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം നിര്‍മിക്കുന്നത്.
എരുമേലി -ഓരുങ്കല്‍ കടവ് പാതയില്‍ ചക്കാലയില്‍ പറമ്പിലാണ് ഇന്നലെ ആദ്യഭൂമിയുടെ മാര്‍ക്കിംഗ് നടത്തിയത്.
മെറിഡിയന് കണ്‍സള്‍ട്ടന്റ് സര്‍വേ ടീമിനൊപ്പം എയര്‍പോര്‍ട്ട് ടെക്നിക്കല്‍ കമ്മിറ്റിയിലുള്ള റിട്ട. ഡെപ്യൂട്ടി കളക്ടര്‍ അജിത്കുമാര്‍, കണ്‍സള്‍ട്ടന്റ് പ്രാര്ഥിപ് ചക്രവര്‍ത്തി എന്നിവരും സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്കുന്നു.
രണ്ടു മാസം കൊണ്ട് അതിരുകല്ലിടീല് നടപടികള്‍ പൂര്‍ത്തിയാക്കും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും സെബാസ്റ്റ്യന്‍ കുളത്തുങ്കള്‍ എംഎല്‍എയും ഇന്നലെ സന്നിഹിതരായിരുന്നു.