കരാറുകാര്‍ സമരത്തിലേക്ക്; നാലിന് സൂചനാ പണിമുടക്ക്
1396718
Friday, March 1, 2024 11:42 PM IST
കോട്ടയം: നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ കരാറുകാര്‍ സമരത്തിലേക്ക്. വിവിധ വിഷയങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരം നടത്തുന്നതെന്ന് ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി നാലിനു പണികള്‍ നിര്‍ത്തിവച്ചു സൂചനാ പണിമുടക്ക് നടത്തും. സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ സമരവും സംഘടിപ്പിക്കും.
നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍, ഉദ്യോഗസ്ഥ തലങ്ങളില്‍ യാതൊരു ഇടപെടലുമില്ല. ധനകാര്യ, പൊതുമരാമത്ത്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ക്കു പലതവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളില്‍ പലകാര്യങ്ങളിലും അഭിപ്രായ സമന്വയം ഉണ്ടായെങ്കിലും ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ പലതിനും തടസം നില്‍ക്കുകയാണെന്ന അസോസിയേഷന് പറഞ്ഞു.
നാലിലെ സൂചനാ പണിമുടക്കിനുശേഷവും സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ വിഷയങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ടെണ്ടറുകള്‍ ബഹിഷ്കരിച്ചും പണികള്‍ നിര്‍ത്തിവച്ചും സമരം ചെയ്യാന്‍ കേരളത്തിലെ ഗവ. കരാറുകാര്‍ നിര്‍ബന്ധിതരാകുമെന്ന് ജില്ലാ പ്രസിഡന്റ് അനില്‍ കെ. കുര്യന്, സംസ്ഥാന വൈസ്പ്രസിഡന്റ് സോണി മാത്യു, സംസ്ഥാന സെക്രട്ടറി ജോഷി ചാണ്ടി, ജില്ലാ ട്രഷറാര്‍ എം.എന്‍. പ്രഭാകരന് നായര്‍, സംസ്ഥാന കമ്മിറ്റിയംഗം പി.എം. ജേക്കബ്, ചങ്ങനാശേരി താലൂക്ക് സെക്രട്ടറി അജി ജോസഫ്, ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയങ്കം പി.എസ്. രഞ്ജന്‍, പാലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോര്‍ജ് ജോസഫ് എന്നിവര്‍ അറിയിച്ചു.
ആവശ്യങ്ങള്‍
സര്‍ക്കാര്‍
പരിഗണിക്കുന്നില്ല
പൊതുമരാമത്ത് മാനുവല്‍ പരിഷ്കരിക്കുക, ബില്‍ ഡിസ്കൗണ്ടിന്റെ പലിശ സര്‍ക്കാര്‍ വഹിക്കുക, ഗവ. കരാറുകാരുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കുക, പൂര്‍ത്തിയാക്കിയ ബില്ലുകള്‍ക്ക് പണം യഥാസമയം നല്‍കണമെന്ന ആവശ്യങ്ങളും അസോസിയേഷന് ഉന്നയിച്ചു.