നാലുവര്‍ഷ ബിരുദം; എംജിയില്‍ വിദഗ്ധ സമിതികള്‍ സിലബസ് സമര്‍പ്പിച്ചു
1396721
Friday, March 1, 2024 11:42 PM IST
കോട്ടയം: നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സിലബസ് ചിട്ടപ്പെടുത്തുന്നതില്‍ പുലര്‍ത്തിയ സൂക്ഷ്മ സമീപനവും ജാഗ്രതയും പ്രോഗ്രാമുകള്‍ നടപ്പാക്കുമ്പോഴും തുടരാന്‍ അക്കാദമിക് സമൂഹം ശ്രദ്ധിക്കണമെന്ന് എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സമിതികള്‍ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി അന്തിമ രൂപം നല്കിയ സിലബസുകള്‍ ഏറ്റുവാങ്ങുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലോചിതമായ സിലബസ് സമയബന്ധിതമായി തയാറാക്കുന്നതില്‍ തികഞ്ഞ അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനമാണു വിദഗ്ധ സമിതികളും ബന്ധപ്പെട്ട അധ്യാപകരും നടത്തിയത്. പ്രോഗ്രാമുകള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതും വലിയ ഉത്തരവാദിത്വമാണ്. സിലബസുകളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ടുള്ള അധ്യാപനവും പാഠ്യപ്രവര്ത്തനങ്ങളുമാണ് നടക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല ബഹുദൂരം മുന്നിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നാലു വര്‍ഷ പ്രോഗ്രാമിന്റെ ചുമതലയുള്ള നിര്‍വാഹക സമിതി അധ്യക്ഷനായ സിന്‍ഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പന് പറഞ്ഞു. വിവിധ വിഷയങ്ങളുടെ സിലബസുകള്‍ വിദഗ്ധ സമിതി അധ്യക്ഷന്മാര് വൈസ് ചാന്‍സലര്‍ക്കു കൈമാറി.
സിന്‍ഡിക്കറ്റ് അംഗങ്ങളായ റെജി സക്കറിയ, പി. ഹരികൃഷ്ണന്, ഡോ. ആര്. അനിത, ഡോ. കെ.എം. സുധാകരന്, ഡോ. എസ്. ഷാജിലാ ബീവി, ഡോ. ബിജു തോമസ്, ഡോ. ബാബു മൈക്കിള്‍, ഡോ. നന്ദകുമാര്‍ കളരിക്കല്‍, രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്, പരീക്ഷാ കണ്ട്രോളര് ഡോ. സി.എം. ശ്രീജിത്ത്, ഫിനാന്‍സ് ഓഫീസര്‍ ബിജു മാത്യു, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന്മാര്, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.