അമ്മയും കുഞ്ഞും ആശുപത്രിയിലെ ലിഫ്റ്റിനോടു ചേർന്ന ഭാഗത്തെ ടൈലുകൾ തകർന്നുവീണു
1396896
Saturday, March 2, 2024 7:05 AM IST
വൈക്കം: വൈക്കം താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയിലെ ലിഫ്റ്റിനോടുചേര്ന്നുള്ള ഭിത്തിയിലെ ടൈലുകള്‍ തകര്‍ന്നുവീണു. താഴത്തെ നിലയിലെയും അഞ്ചാം നിലയിലെയും ലിഫ്റ്റിന്റെ വാതിലിനോടു ചേര്‍ന്നുള്ള ഭിത്തിയിലെ ടൈലുകളാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നതിനിടെ ഒരേ സമയം തകര്‍ന്നു വീണത്.
ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം. തിരക്കുള്ള സമയമായിരുന്നെങ്കിലും ലിഫ്റ്റിന്റെ വാതിലിനോട് ചേര്‍ന്ന് ആളുകള്‍ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ആശുപത്രിയില്‍ രണ്ട് ലിഫ്റ്റുകളാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. ഒരെണ്ണം എമർജൻസി ലിഫ്റ്റും മറ്റൊന്ന് പൊതു ഉപയോഗത്തിനും.
ഇതില്‍ പൊതു ഉപയോഗത്തിനുള്ള ലിഫ്റ്റിന്റെ വാതിലിന്റെ മുകളിലും വശങ്ങളിലുമുള്ള വലിയ ടൈലുകളാണ് തകര്‍ന്നുവീണത്. ലിഫറ്റ് പ്രവര്ത്തിക്കുന്നതിനിടയിലുണ്ടാകുന്ന പ്രകമ്പനത്തില്‍ തകര്‍ന്നുവീണതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ടൈലുകള്‍ ഭിത്തിയില്‍ ഉറപ്പിച്ചതിലുണ്ടായ അപാകതയാണ് തകര്‍ന്നുവീഴാന്‍ കാരണമെന്നും ആരോപണമുണ്ട്.
2021 ഫെബ്രുവരിയിലാണ് അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് താലൂക്ക് ആശുപത്രി ഇങ്ങോട്ട് മാറ്റുകയായിരുന്നു. ഇതിനു മാസങ്ങള്‍ക്കു ശേഷമാണ് ലിഫ്റ്റിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. രോഗികളും സഹായികളും ഉള്‍പ്പെടെ നൂറുകണിക്കിന് ആളുകളാണ് അഞ്ച് നിലകളിലായുള്ള ആശുപത്രി കെട്ടിടത്തിലെ ലിഫ്റ്റ് ഉപയോഗിക്കുന്നത്.