ജോണ്‍ ഗീ: ദീപികയുടെ പാലായിലെ മേല്‍വിലാസമായ ലേഖകൻ
1396927
Sunday, March 3, 2024 1:41 AM IST
പാലാ: പാലായുടെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു കാനഡയിൽ അന്തരിച്ച ജോണ്‍ ഗീ കുന്നുംപുറം. 44 വര്‍ഷം ദീപികയുടെ പാലാ ലേഖകനായിരുന്നു ജോൺ ഗീ. വായനക്കാരും പരിചയക്കാരും സുഹൃത്തുകളും അദ്ദേഹത്തെ സ്നേഹപൂര്‍വം ഗീയാച്ചന്‍ എന്നാണ് വിളിച്ചിരുന്നത്.
സാംസ്കാരിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ദീപിക ചില്‍ഡ്രന്‍സ് ലീഗിന്റെ പ്രസിഡന്റായും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
പാലാ നെല്ലിയാനിയിലുള്ള ലയണ്‍സ് ക്ലബ്ബിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനു കാരണമായതും ഗീയാച്ചനായിരുന്നു. പിന്നീട് അദ്ദേഹം ലയണ്‍സ് ക്ലബ്ബിന്റെ പ്രസിഡന്റായി.
രാഷ്ട്രീയ നേതാക്കളുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിന് മുമ്പ് പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിരുന്ന വ്യക്തികളിലൊരാളായിരുന്നു. പാര്‍ട്ടിയില്‍ ഒരു പദവി പോലും വഹിച്ചിരുന്നില്ലെങ്കിലും ഗീയാച്ചന്റെ വാക്കുകള്‍ കേരള കോണ്‍ഗ്രസിന്റെ അന്തിമ തീരുമാനങ്ങളായിരുന്നുവെന്നു പഴമക്കാര്‍ ഓര്‍മിക്കുന്നു. പി.സി. ചാക്കോ, കെ.എം. ചാണ്ടി, കെ.എം. ജോര്‍ജ്, കെ.എം. മാണി, എം.എം. ജേക്കബ്, എം.എ. ജോണ്‍, പി.സി. ജോര്‍ജ് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു.
ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രപ്രവർത്തനവും പൊതുപ്രവര്‍ത്തനവും മതിയാക്കി കുടുംബത്തോടൊപ്പം കാനഡയില്‍ താമസമാക്കിയ അദ്ദേഹം വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി വിശ്രമജീവിതത്തിലായിരുന്നു.