എംജി കലോത്സവം : കലാകിരീടം കൊച്ചിയിലേക്ക്
1397019
Sunday, March 3, 2024 5:02 AM IST
കോട്ടയം: കലയുടെ ആവേശം വാനോളം ഉയര്‍ത്തി എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇന്നു കൊടിയിറക്കം. കഴിഞ്ഞ് ഒരാഴ്ചയായി കലോത്സവ ആവേശക്കുതിപ്പ് തുടരുമ്പോള്‍ അക്ഷരനഗരിക്ക് ഉറങ്ങാത്ത രാവായിരുന്നു. കളര്‍ ഫുള്ളായ കാമ്പസുകളും ആവേശംനിറഞ്ഞ വേദികളും രാത്രിയെ പകലാക്കി മാറ്റുകയായിരുന്നു.
കലോത്സവം സമാപനത്തിലേക്ക് അടുക്കുമ്പോള്‍ തുടക്കം മുതല്‍ ആധിപത്യം തുടരുന്ന കൊച്ചിയിലെ കോളജുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. 62 പോയിന്റുമായി തേവര എസ്എച്ച് കോളജാണ് കിരീടത്തിനരികെ. 59 പോയിന്റുമായി എറണാകുളം സെന്റ് തെരേസാസാണ് തൊട്ടുപിന്നില്‍. മുന്‍ ചാമ്പ്യനായ എറണാകുളം മഹാരാജാസ് 57 പോയിന്റുമായി മൂന്നാമതുണ്ട്.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് 56 പോയിന്റുമായി മഹാരാജാസിനു തൊട്ടുപിന്നിലായി നാലാമതുണ്ട്. 28 പോയിന്റുമായി യുസി കോളജ് അഞ്ചാമതും 18 പോയിന്റുമായ കാലടി ശ്രീശങ്കര ആറാമതുണ്ട്. 17 പോയിന്റ് നേടി സിഎംഎസ് കോളജ് ഏഴാം സ്ഥാനത്തെത്തി. ആദ്യമായിട്ടാണ് കോട്ടയം കോളജ് ഈ നിരയിലേക്ക് എത്തുന്നത്.
തിരുനക്കര മൈതാനിയിലെ വേദിയില്‍ ഇന്നലെ രാത്രി ഇശലുകളുടെ കൈകൊട്ടിക്കളിയുമായി ഒപ്പന അരങ്ങേറി. രാത്രിയെ പകലാക്കി വന്‍ ആസ്വാദനസദസാണ് തിരുനക്കര വേദിയിലെത്തിയത്. സമാപന ദിവസമായ ഇന്നു രാവിലെ മാര്‍ഗംകളി മത്സരം പ്രധാനവേദിയില്‍ അരങ്ങേറും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്യും. തുടര്‍ന്ന് സംഗീതവിരുന്നുമുണ്ടാകും.
നാദസ്വരത്തില്‍ നെന്മാറ സിസ്റ്റേഴ്സിന്റെ സൗന്ദര്യം
കോട്ടയം: പാലക്കാടിന്റെ സംഗീത പാരമ്പര്യത്തില്‍ നിന്നൊരു പൊന്‍തൂവല്‍ കൂടി. എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ നാദസ്വരത്തില്‍ നെന്മാറ സിസ്റ്റഴ്സിന്റെ സൗന്ദര്യ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്. പാലക്കാട്ടെ പ്രതിഭാ നക്ഷത്രങ്ങളാണ് നെന്മാറ സിസ്റ്റഴ്സ് എന്നറിയപ്പെടുന്ന സൗന്ദര്യയും സംഗീതയും.

കച്ചേരികളിലെല്ലാം നിറസാന്നിധ്യം. അച്ഛന് അയ്യപ്പനാണ് ഇരുവരുടെയും ഗുരുനാഥന്. അച്ഛന് തന്നെയാണ് കച്ചേരികള്‍ക്ക് കൊണ്ടുപോയിത്തുടങ്ങിയതും.
പിന്നീട് സൗന്ദര്യയും സംഗീതയും നെന്മാറ സിസ്റ്റേഴ്സ് ആയി. അച്ഛന് മരിച്ചതിനുശേഷം സഹോദരി സംഗീതയുടെ പിന്തുണയോടെയാണ് സൗന്ദര്യ മത്സരങ്ങള്‍ക്കെത്തുന്നത്.
പ്ലസ്ടുവിനു പഠിക്കുമ്പോള്‍ സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു. എറണാകുളം മഹാരാജസ് കോളജിലെ അവസാന വര്‍ഷ എംഎ മ്യൂസിക് വിദ്യാര്‍ഥിയാണ് സൗന്ദര്യ.
കഥക്കില്‍ ശരണ്യയുടെ മധുരതാളം
കോട്ടയം: ഹിന്ദുസ്ഥാനിയുടെ താളാത്മകതയില്‍ വിരിഞ്ഞ കാല് ചലനങ്ങള്‍... അരങ്ങില്‍ മന്ദതാളത്തില്നിന്നു ക്രമാനുഗതമായി ദ്രുതതാളത്തില്‍ ചുവടുവച്ചു കഥക്കില്‍ ശരണ്യ രാജന് നേടിയത് ഒന്നാം സ്ഥാനം. എംജി കലോത്സവത്തില്‍ അതര്‍ ഫോമ്സ് ഓഫ് ക്ലാസിക്കല്‍ മത്സരയിനത്തിനത്തില് ആദ്യമായാണ് ശരണ്യ മത്സരിക്കുന്നത്.

ആദ്യ മത്സരത്തിലെ ഒന്നാംസ്ഥാനം ശരണ്യയുടെ ഭാഗ്യതിലകവുമായി. കഴിഞ്ഞ വര്‍ഷം വരെ പ്രത്യേക അതര്‍ ഫോമ്സ് ഓഫ് ക്ലാസിക്കല്‍ എന്ന പ്രത്യേക വിഭാഗമില്ലാത്തതിനാല്‍ മത്സരിക്കാന്‍ കഴിഞ്ഞില്ലെന്ന പരിഭവത്തിനുള്ള മധുര പ്രതികാരംകൂടിയാണ് ശരണ്യയുടെ ഒന്നാംസ്ഥാനം.
ദീപ കര്‍ത്തയാണ് ശരണ്യയുടെ ഗുരു. സെന്റ് തെരാസസ് കോളജില്‍ ബിഎ കമ്യുണിക്കേഷന്‍ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ശരണ്യ. കാക്കനാട് സ്വദേശിയാണ്. അച്ഛന് വി.ജി. രാജനും അമ്മ മിനി രാജനും എപ്പോഴും കൂടെയുണ്ട്. അധ്യാപകരുടെയും കൂട്ടുകാരുടെയും പിന്തുണയാണ് തന്നെ കലോത്സവ അരങ്ങിലെത്തിച്ചതെന്നു ശരണ്യ പറഞ്ഞു.