വഴിയോര കടകളിൽ പരിശോധന പ്രഹസനം; ആരോഗ്യവകുപ്പ് അനാഥം
1397082
Sunday, March 3, 2024 6:37 AM IST
കോട്ടയം: വഴിയോരങ്ങളില്‍ പലഹാരങ്ങള്‍ തയാറാക്കുന്ന എണ്ണയുടെ പഴക്കവും ചേരുവകളുടെ നിലവാരവും പരിശോധിക്കാന്‍ ആരോഗ്യ, ഭക്ഷ്യവകുപ്പുകള്ക്കു സംവിധാനമില്ല. ആഴ്ചകള്‍ പഴകിയ എണ്ണ വഴിയോര പലഹാര, ബജി കടകളില്‍ ഉപയോഗിക്കുന്നതായി പരാതി ഉയരുമ്പോള്‍ ജീവനക്കാരില്ല, ലാബ് സംവിധാനമില്ല തുടങ്ങിയ മറുപടിയാണുണ്ടാകുന്നത്.
ജില്ലയില്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ നടത്തുന്ന വഴിയോരക്കടകളില്‍ ബംഗാളില്‍നിന്നുള്‍പ്പെടെ എത്തിക്കുന്ന എണ്ണയും രാസലായനികളും ഉപയോഗിക്കുന്നതായി പറയുന്നു. കൊള്ളലാഭം ലഭിക്കുന്നതിനാല്‍ ബജി, പലഹാര, തട്ടുകടകള്‍ ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കേടുവന്നതും അട വിരിയാത്തതുമായ മുട്ട ഫാമുകളില്‍നിന്ന് വാങ്ങുന്നവരും ഇതില്‍പ്പെടുന്നു. ചിക്കന്ഫാമുകളില് ചത്തുവീഴുന്ന കോഴികളെ നിസാര വിലയ്ക്ക് വാങ്ങുന്നവരുമുണ്ട്.
രാത്രികാല തട്ടുകളിലെ എണ്ണയുടെ ഗുണനിലവാരത്തില്‍ പരിശോധന നടന്നിട്ട് വര്‍ഷങ്ങളായി. ആഴ്ചകളോളം തുടരെ ഉപയോഗിച്ച് കറുത്തുകുറുകിയ എണ്ണയിനങ്ങളാണ് ഏറെയിടങ്ങളിലും ഉപയോഗിക്കുന്നത്. വെളിച്ചെണ്ണയില്‍ തന്നെ വ്യാജന് ഏറെയാണ്. പാം കെര്ണല് ഓയില്‍ ലാറിക് ആസിഡ് ചേര്‍ത്ത് വെളിച്ചെണ്ണ എന്ന പേരില്‍ എത്തിക്കുന്ന ലോബി ശക്തമാണ്.
വേനല്‍ ശക്തമായിരിക്കെ വഴിയോര ദാഹശമിനി വില്പന കേന്ദ്രങ്ങളിലും പരിശോധനയില്ല. ഇവിടെ ഉപയോഗിക്കുന്ന വെള്ളവും സോഡയും ഐസും രോഗകാരണമാകാം. മിക്ക ഐസ് കമ്പനികളിലും ശുചിത്വ സംവിധാനങ്ങള്‍ പരിമിതമാണ്. പൊതുകിണറുകളിലെയും കുഴല്‍കിണറുകളിലെയും വെള്ളം സോഡ, ഐസ് നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. പഴക്കടകളില്‍നിന്ന് കേടുവരുന്നതും പഴകിയതുമായ ഇനങ്ങള്‍ വാങ്ങി ജ്യൂസ് തയാറാക്കി വില്‍ക്കുന്ന സ്ഥാപനങ്ങളും കുറവല്ല.