‘ജലാശയങ്ങള്‍ ശുചിയാക്കണമെന്ന് ’
1397090
Sunday, March 3, 2024 6:37 AM IST
കടുത്തുരുത്തി: വേനല്‍ കടുക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമായി വരികയും ചെയ്യുന്നതിനിടെ പ്രാദേശിക ജലസംഭരണികളായ ജലാശയങ്ങള്‍ ശുചിയാക്കണമെന്ന ആവശ്യം ശക്തം. തോടുകളും കുളങ്ങളും കൈത്തോടുകളും ഉള്‍പ്പെടെയുള്ള ജലസംഭരണികളിലെല്ലാം മാലിന്യം നിറഞ്ഞിരിക്കുകയാണ്.
തോടുകള്‍ പുല്ലും പായലും ചെളിയും നിറഞ്ഞ് കിടക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയാണ്. നീരൊഴുക്ക് നിലച്ച തോടുകളും ജലാശയങ്ങളും വൃത്തിയാക്കാന്‍ നടപടികളില്ലെന്നു മാന്നാര്‍ സ്വദേശിയായ കര്‍ഷകനായ രവീന്ദ്രന് പറഞ്ഞു.
കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലെയും കല്ലറ മുണ്ടാറിലേയും കര്‍ഷകരും പ്രദേശവാസികളുമാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. എക്കല്‍ മണ്ണ് അടിഞ്ഞുകിടക്കുന്ന തോടുകളില്‍ ആനവാരി പുല്ലും മുള്ളന്‍ പായലും സിലോണ്‍ പായലും നിറഞ്ഞു കിടക്കുകയാണ്. എഴുമാംകായലിലേക്കും കരിയാറിലേക്കുമാണ് ജലാശയങ്ങളിലെയും തോടുകളിലെയും വെള്ളം ഒഴുകി പോകേണ്ടത്. എന്നാല്‍, ഭൂരിഭാഗം തോടുകളിലും നീരൊഴുക്ക് നിലച്ചു കിടക്കുകയാണ്.
കടുത്തുരുത്തി വലിയതോട്, ചുള്ളിത്തോട്, ആപ്പാഞ്ചിറ തോട് പ്രദേശത്തെ തോടുകളെല്ലാം മാലിന്യം നിറഞ്ഞു ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളായി. വേനല്‍ ശക്തമായാല്‍ പ്രദേശവാസികളെല്ലാം കുടിവെള്ളത്തിനായി പരക്കം പായുന്ന അവസ്ഥ നാട്ടില്‍ വ്യാപകമാണെങ്കിലും നിറയെ വെള്ളമുള്ള ജലാശയങ്ങള്‍ മാലിന്യം നിറഞ്ഞ് കിടക്കുന്നത് പരിഹരിക്കാന്‍ നടപടികളില്ല. മാലിന്യം നിറഞ്ഞ ജലാശയങ്ങളെല്ലാം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലുമാണ്.
നീരൊഴുക്കില്ലാത്ത തോടുകളില്‍ ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കുമിഞ്ഞ് കൂടുകയാണ്. നീരൊഴുക്ക് പുനഃസ്ഥാപിക്കാന്‍ തോടുകള്‍ ആഴംകൂട്ടി വൃത്തിയാക്കാനുള്ള നടപടികള്‍ അധികൃതര്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് കര്‍ഷകരുള്‍പ്പെടെയുള്ളവരുടെ ആവശ്യം.