വിഷുവിന് വിപണി കിഴടക്കി വാടാത്ത കൊന്നപ്പൂക്കൾ
1415832
Thursday, April 11, 2024 10:57 PM IST
കാഞ്ഞിരപ്പള്ളി: വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിഷുക്കണി ഒരുക്കാൻ വാടാത്ത കൊന്നപ്പൂവ് എത്തി. പ്ലാസ്റ്റിക്ക് തണ്ടിൽ തുണിമിശ്രിതത്തിൽ നിർമിച്ച കൊന്നപ്പൂക്കൾ വൻതോതിലാണു വിപണിയിൽ എത്തിയിട്ടുള്ളത്. ഇത്തരം പൂക്കൾ പൂക്കടയിലും ഫാൻസി സ്റ്റോഴ്സുകൾക്കു മുന്നിലും മനോഹര കാഴ്ചയൊരുക്കുന്നു.
ഒറ്റനോട്ടത്തിൽ യഥാർഥ പൂവാണെന്ന് തോന്നും. ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് ഇവ എത്തുന്നത്. ഒരു തണ്ട് പൂവിന് 30 - 40 രൂപയാണ് വില. ഈ വർഷമാണ് ഇത്തരം പൂക്കൾ വിപണിയിൽ കൂടുതലായി എത്തി തുടങ്ങിയത്. യഥാർഥ കൊന്നപ്പൂക്കൾ ഒന്നോ രണ്ടോ ദിവസം മാത്രമേ പൊഴിയാതിരിക്കുകയുള്ളൂ.
അതിനാൽ ദീർഘകാലം ഇവ ഉപയോഗിക്കാൻ കഴിയില്ല. വിപണിയിൽ ഇപ്പോൾ ലഭിക്കുന്ന തുണിമിശ്രിത കൊന്നപ്പൂക്കൾ ഓട്ടോറിക്ഷകൾ, ബസുകൾ തുടങ്ങിയ വാഹനങ്ങളിലും വീടിന്റെ ചുവരുകളിലും അലങ്കാരത്തിനായി വാങ്ങി തൂക്കുന്നുണ്ട്. എന്നാൽ, വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്നകൾ പൂത്തുലഞ്ഞിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിലും പലതും കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്.