വൈദ്യുതിപോസ്റ്റിൽ തീപിടിത്തം
1415833
Thursday, April 11, 2024 10:57 PM IST
പൊൻകുന്നം: ടൗണിൽ ബസ് സ്റ്റാൻഡിന് മുൻവശം സീബ്രാലൈനിന് സമീപമുള്ള വൈദ്യുതിപോസ്റ്റിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തം. ഇന്നലെ രാവിലെ 10.45നാണ് സംഭവം. സമീപ സ്ഥാപനങ്ങളിലെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ വൻ അപകടം ഒഴിവാക്കി. സമീപത്തുള്ള യൂസഫ് ലേഡീസ് സെന്ററിൽ നിന്നു എത്തിച്ച ഫയർ എക്സിറ്റിംഗ്യൂഷർ രക്ഷാ പ്രവർത്തനത്തിന് ഉപകരിച്ചു.
ഈ സമയം അതുവഴി വന്ന അമ്പിളി ആശ ബസിന്റെ മുകളിൽ കയറി ഫയർ എക്സ്റ്റിംഗ്യുഷർ ഉപയോഗിച്ച് തീ കെടുത്തിയതിനാൽ തീ പടരുന്നതും ലൈൻ പൊട്ടിവീഴുന്നതും ഒഴിവായി. സിവിൽ പോലീസ് ഓഫീസർമാരായ ഷാജി ചാക്കോയും ജയകുമാറും തീയണയ്ക്കലിന് നേതൃത്വം നൽകി. പിന്നീട് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് യൂണിറ്റ് പോസ്റ്റിന് മുകളിലേക്ക് വെള്ളമൊഴിച്ച് വീണ്ടും തീപിടിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കി. അപകടത്തെ തുടർന്ന് ടൗണിലെ വൈദ്യുതി ലൈനുകൾ തകരാറിലാവുകയും വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.