കിഴിവിൽ പരിഹാരമായില്ല, സംഭരണം നീളുന്നു : കുറിച്ചി മുട്ടത്തുകടവില്‍ റോഡരികില്‍ നെല്ക്കൂമ്പാരങ്ങള്
1416014
Friday, April 12, 2024 6:59 AM IST
ചങ്ങനാശേരി: കിഴിവ് വിഷയം പരിഹരിക്കാതെ തുടരുന്നു. കുറിച്ചി പഞ്ചായത്തിലെ കാരിക്കുഴി, കക്കുഴി,പാലച്ചാല്‍ പാടശേഖരങ്ങളില്‍ നെല്ല് സംഭരണം തടസപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളിലും നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. നല്ല ഉണക്കുള്ള സമയത്തും ആറുകിലോ കിഴിവാണ് മില്ലുകാര്‍ ചോദിക്കുന്നത്. കൊയ്തുകൂട്ടിയ നെല്ല് കഴിഞ്ഞ ഒമ്പതുദിവസമായി റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. വേനല്‍ മഴ കര്‍ഷകരുടെ മനസുകളില്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ക്വിന്റലുകണക്കിനു നെല്ല് റോഡില്‍ കിടക്കുന്നത്.
കിഴിവിന്റെ പേരില്‍ നെല്ല് സംഭരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്ന് മുട്ടത്തുകടവില്‍ റോഡ് ഉപരോധിക്കും. വൈകുന്നേരം അഞ്ചിനാരംഭിക്കുന്ന സമരപരിപാടി നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്യും. സമരസമിതി കണ്‍വീനര്‍ പാസ്റ്റര്‍ രാജന് സാമൂവല്‍ അധ്യക്ഷത വഹിക്കും.
കുറിച്ചി മുട്ടത്തുകടവിലെ റോഡരികില്‍ നെല്ലു കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് എത്തി. ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ പര്യടന പരിപാടിയുടെ ഭാഗമായി കുറിച്ചി മുട്ടത്തുകടവ് റോഡിലൂടെ തുറന്ന ജീപ്പില്‍ പോകുമ്പോഴാണ് സ്ഥാനാര്‍ഥി കര്‍ഷകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നത്.
സംഭവത്തില്‍ ഇടപെട്ട കൊടിക്കുന്നില്‍ സുരേഷ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസറെ ഫോണില്‍ വിളിച്ചുവിവരങ്ങള്‍ ആരാഞ്ഞു. 24 മണിക്കൂറിനുള്ളില്‍ നെല്ല് സംഭരിക്കാന്‍ നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.