മാന്നിലയില് കുന്ന് ഇടിച്ചുനിരത്തി മണ്ണെടുപ്പിനു നീക്കം; പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍
1416015
Friday, April 12, 2024 6:59 AM IST
ചങ്ങനാശേരി: മാമ്മൂട് മാന്നില തകിടി ഭാഗത്ത് കുന്ന് ഇടിച്ചുനിരത്തി മണ്ണെടുപ്പിനു നീക്കം. മാടപ്പള്ളി പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ളതും വരള്‍ച്ചാക്കാലത്ത് കൊടിയ കുടിവെള്ള ക്ഷാമം നേരിടുന്നതുമായ പ്രദേശത്താണ് മണ്ണെടുപ്പിനു നീക്കം നടക്കുന്നത്. പഞ്ചായത്തില്‍നിന്നു ലഭിക്കുന്ന ബില്‍ഡിംഗ് പെര്‍മിറ്റുകളുടെ മറവിലാണ് മാടപ്പള്ളി പഞ്ചായത്തുകളിലെ ജലസ്രോതസുകളായ കുന്നുകള്‍ ഇടിച്ചു നിരത്തി മണ്ണ് എടുക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
മണ്ണെടുപ്പിനെതിരേ തകിടി പ്രദേശത്തെ ആളുകള്‍ നിരന്തരമായ സമരത്തിലാണ്. ഒരേക്കര്‍വരുന്ന ഭാഗത്തെ മണ്ണെടുപ്പ് കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ചെങ്കിലും ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തലാക്കേണ്ടി വന്നിരുന്നു. വസ്തു ഉടമ ഹൈക്കോടതി ഉത്തരവ് വാങ്ങിയാണ് മണ്ണെടുപ്പ് തുടരാന്‍ നീക്കങ്ങളാരംഭിച്ചത്.
മണ്ണെടുപ്പിനെതിരേ പ്രതിഷേധിക്കുന്നതിന്റെ പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പോലീസ് ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാര്‍ പറഞ്ഞു. കുന്ന് ഇടിച്ചുനിരത്തി പരിസ്ഥിതിക്കു ദോഷം വരുത്തുന്ന തരത്തിലുള്ള മണ്ണെടുപ്പ് അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
98 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി ഏഴു വില്ലകള്‍ നിര്‍മിച്ചു നൽകുന്നതായുള്ള പ്രോജക്ടിനുവേണ്ടിയാണ് പഞ്ചായത്തില്‍നിന്നും അനുമതി വാങ്ങിയിരിക്കുന്നതെന്നാണ് വസ്തു ഉടമ പറയുന്നത്.
മണ്ണെടുപ്പുമായി മുന്നോട്ട് പോയാല്‍ പൊതുജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം ആരംഭിക്കാനും ടിപ്പര്‍ ലോറികള്‍ തടയാനും യൂത്ത് കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിധീഷ് തോമസ് കോച്ചേരി അധ്യക്ഷത വഹിച്ചു. മാമ്മൂട് ജംഗ്ഷനു സമീപം ചതുപ്പുനിലം മണ്ണിട്ടുയര്‍ത്തി കെട്ടിടം നിര്‍മിക്കുന്ന ജോലികളും നടന്നുവരികയാണ്.