മുണ്ടക്കയം ടൗണിലെ കെട്ടിടങ്ങളിൽ ഭീഷണിയായി പെരുന്തേനീച്ചക്കൂടുകൾ
1416045
Friday, April 12, 2024 10:49 PM IST
മുണ്ടക്കയം: ഏതുസമയവും അപകടം വിളിച്ചുവരുത്താവുന്ന രീതിയിൽ മുണ്ടക്കയം ടൗണിനെ ഭീതിയിലാഴ്ത്തി പെരുന്തേനീച്ചക്കൂടുകൾ. ടൗണിന്റെ വിവിധ ഭാഗങ്ങളിലെ ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലാണ് പെരുന്തേനീച്ചകൾ കൂട് കൂട്ടിയിരിക്കുന്നത്. മുണ്ടക്കയം ആശുപത്രി ജംഗ്ഷന് സമീപത്തെ സ്വകാര്യ ബിൽഡിംഗിന് മുകളിൽ പത്തിലധികം പെരുന്തേനീച്ച കോളനികളാണുള്ളത്. മുണ്ടക്കയം ടൗണിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന ദേശീയപാതയുടെ വശത്തെ കെട്ടിടത്തിനു മുകളിലാണ് പെരുന്തേനീച്ചകൾ കൂടുകൂട്ടിയിരിക്കുന്നത്.
ഏതാനും മാസങ്ങൾക്കു മുമ്പ് ദേശീയപാതയിലൂടെ നടന്നുപോയ വയോധികന് പെരുന്തേനീച്ചകളുടെ കുത്തേറ്റിരുന്നു. മുണ്ടക്കയം ടൗണിൽ അർമാണി ഹോട്ടലിന് സമീപത്തെ കെട്ടിടത്തിലാണ് ഭീമൻ പെരുന്തേനീച്ച കൂട് ഭീഷണിയുയർത്തുന്ന മറ്റൊരിടം. കാക്ക, പരുന്ത് അടക്കമുള്ള പക്ഷികൾ തേനീച്ചക്കൂട് ആക്രമിച്ചാൽ തേനീച്ചകൾ ഇളകുകയും അത് മനുഷ്യരെ വ്യാപകമായി ആക്രമിക്കുകയും ചെയ്യും. അപകടസാധ്യത മുന്നിൽക്കണ്ട് മുണ്ടക്കയം പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.
കഴിഞ്ഞ ദിവസം പുഞ്ചവയൽ കുളമാക്കൽ സംസ്കാരച്ചടങ്ങിലെത്തിയ 18ഓളം പേർക്കാണ് കാട്ടുതേനീച്ചയുടെ കുത്തേറ്റത്. ഓരോ വീടുകൾക്ക് മുന്നിലും തീകത്തിച്ചാണ് പലരും തേനീച്ചയുടെ കുത്തേൽക്കാതെ രക്ഷപ്പെട്ടത്. ജനവാസ മേഖലയോട് ചേർന്ന് പെരിന്തേനീച്ചകൾ കൂടുകൂട്ടിയിരിക്കുന്നത് അപകടഭീഷണിയാണെന്ന് നാട്ടുകാർ നിരവധിത്തവണ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഇതാണ് അപകടത്തിനു വഴിവച്ചതെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ആദിവാസി വിഭാഗത്തിന്റെ സഹായത്തോടെ ഇവിടത്തെ പെരുന്തേനിച്ച കൂട് ഒഴിപ്പിച്ചിട്ടുണ്ട്.