യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
1416213
Saturday, April 13, 2024 6:41 AM IST
കുമരകം: ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് ചെങ്ങളത്തുകാവ് സ്വദേശികളായ ഇടക്കരിച്ചിറയില് ജഗേഷ് ജെ. പ്രകാശ് (38), ഗോപീസദനം ജിനു ഗോപിനാഥ് (39), തട്ടാം പറമ്പില്‍ ടി.എ. ശരത്ത് (32), കുന്നുംപുറം കെ.ആര്. സുരേഷ് (36), ഭഗവതിപ്പറമ്പ് അനൂപ് ശശി (29) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞദിവസം രാത്രി ചെങ്ങളത്ത് കാവ് അമ്പലം ജംഗ്ഷന് സമീപത്തെത്തിയ യുവാവിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് കുത്തുകയുമായിരുന്നു.
അഞ്ചുവര്‍ഷം മുമ്പ് ചെങ്ങളത്തുകാവ് അമ്പലത്തിലെ ഉത്സവത്തിനുണ്ടായ അടിപിടിയെത്തുടര്‍ന്നുണ്ടായ വിരോധമാണ് കാരണം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ കഴിഞ്ഞദിവസം യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെത്തുടര്‍ന്ന് കുമരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.