റോഡ് ഉയര്‍ത്തുന്ന പണികള്‍ പൂര്‍ത്തിയാക്കിയില്ല; ഒറ്റ മഴയ്ക്കുതന്നെ വെള്ളക്കെട്ട്
1416220
Saturday, April 13, 2024 6:56 AM IST
കടുത്തുരുത്തി: ഓട നിര്‍മാണം നടത്തിയെങ്കിലും റോഡ് ഉയര്‍ത്തുന്ന പണികള്‍ പൂര്‍ത്തിയാക്കിയില്ല. ഒരു മഴയ്ക്കുതന്നെ റോഡില്‍ വെള്ളക്കെട്ട്. കടുത്തുരുത്തി പള്ളി റോഡിലാണ് വെള്ളക്കെട്ട് ദുരിതമാകുന്നത്.
ഓടയെക്കാള്‍ താഴ്ന്നുകിടക്കുന്ന റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുകിപോകാന്‍ മാര്‍ഗമില്ലാത്തതാണ് വെള്ളക്കെട്ടിനിടയാക്കുന്നത്. മഴ ശക്തമാകും മുമ്പ് റോഡ് ഉയര്‍ത്തുന്ന പണികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റോഡ് വെള്ളത്തില്‍ മുങ്ങുമെന്ന് നാട്ടുകാരും വ്യാപാരികളും മുന്നറിയിപ്പ് നല്‍കിയിരുന്നു.
പള്ളി റോഡിലെ ഓട നിര്‍മാണവും ഇതോടുനുബന്ധിച്ചു റോഡ് ഇന്റർലോക്ക് പാകി ഉയര്‍ത്തുന്ന പണികളും പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. നിര്‍മാണത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പുറകിൽ പള്ളി റോഡിലേക്കുള്ള പ്രവേശനഭാഗത്തിനു സമീപത്തെ സ്ലാബുകള്‍ ഇളക്കി കൂട്ടിയിട്ടിരിക്കുകയാണ്. ഈ സ്ലാബുകള്‍ ഗതാഗത തടസത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
അടിയന്തരമായി ഓടയുടെയും റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.