ളാലം തോട് മാലിന്യപൂരിതം
1417973
Sunday, April 21, 2024 11:22 PM IST
പാലാ: നഗരഹൃദയത്തിലൂടെ ഒഴുകി മീനച്ചിലാറ്റില്‍ ചേരുന്ന ളാലം തോട് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധപൂരിതമായി. മാര്‍ക്കറ്റ് ജംഗ്ഷന് മുതല്‍ പാലാ നഗരസഭാ ഓഫീസിനോടു ചേര്‍ന്നുള്ള ഭാഗം ഉള്‍പ്പെടെ ബസ്സ്റ്റാന്‍ഡിനോടു ചേരുന്ന ഭാഗം വരെയുള്ള ഭാഗത്താണ് മാലിന്യം വന്‍തോതില്‍ അടിഞ്ഞുകൂടുന്നത്.
വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യം ളാലം തോട്ടിലേക്ക് തള്ളുന്നതാണ് ദുര്‍ഗന്ധത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നഗരസഭാ ഓഫീസിനു സമീപത്തുള്ള ഭാഗങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ഇവിടെ പാലത്തിനടിയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളടക്കമാണ് നിറഞ്ഞ് കിടക്കുന്നത്.
തെര്‍മോക്കോളും കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ മഴകൂടി പെയ്തതോടെ ജലനിരപ്പ് അല്പം ഉയര്‍ന്നിരുന്നു. അടിഞ്ഞുകൂടിയ മാലിന്യം മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തുകയാണ്. ളാലം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തോടു ചേര്‍ന്നുള്ള ഭാഗത്തുനിന്നും മാലിന്യം ആറ്റിലേക്ക് തള്ളുന്നുണ്ട്.
വേനല്‍ക്കാലത്ത് തോട്ടിലെ വെള്ളമൊഴുക്ക് നിലച്ചപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളം കറുത്ത് നിറത്തിലുമായി. വ്യാ പാരസ്ഥാപനങ്ങളില് നിന്നും മാലിന്യശേഖരണത്തിന് സംവിധാനവുമുണ്ടെങ്കിലും തോട്ടില്‍ മാലിന്യം തള്ളുന്നത് അവസാനിക്കുന്നില്ല. ളാലം തോട് മീനച്ചിലാറിനോടു ചേരുന്ന ഭാഗത്ത് വലിയ പാലത്തിനടിയിലുള്ള തടയണയിലെ വെള്ളമാണ് വാട്ടര്‍ അഥോറിറ്റി പമ്പിംഗ് നടത്തുന്നത്. ആറ്റിലും ളാലം തോട്ടിലും മാലിന്യം തള്ളുന്നതിനു തടയാന്‍ ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും പദ്ധതി ഫലപ്രദമല്ലെന്നാണ് പരാതി.
തോട്ടില്‍ മാലിന്യം തള്ളുന്നത് തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് നദീസംരക്ഷണ സമിതി ആവശ്യപ്പെട്ടു.