ഈരാറ്റുപേട്ടയിൽ ശുദ്ധജലക്ഷാമം രൂക്ഷം; റഗുലേറ്റർ കം ബ്രിഡ്ജ് പണിയണം
1418127
Monday, April 22, 2024 9:47 PM IST
ഈരാറ്റുപേട്ട: മീനച്ചിലാർ വറ്റിവരണ്ടതോടുകൂടി ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലക്ഷാമം രൂക്ഷമായി. ഇതിനു ശാശ്വത പരിഹാരമായി മീനച്ചിലാറ്റിൽ ഈരാറ്റുപേട്ടയിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയണമെന്ന ആവശ്യം ശക്തമാകുന്നു.
ഗതാഗതക്കുരുക്കിനും മഴക്കാലത്ത് വെള്ളപ്പൊക്കം നിയന്ത്രിക്കാനുംവേണ്ടി മഴക്കാലത്ത് പൂർണമായും ഷട്ടറുകൾ തുറന്നുവിടുന്ന രീതിയിലും വേനൽക്കാലത്ത് നഗരസഭാ പ്രദേശത്തുകൂടി ഒഴുകുന്ന ഇരു നദികളിലും ജലം സംഭരിച്ച് നിർത്താൻ സാധിക്കുന്ന വിധത്തിലും വടക്കേക്കരയെയും അരുവിത്തുറയെയും ബന്ധിപ്പിച്ചു മീനച്ചിലാറ്റിൽ ഈരാറ്റുപേട്ട മുക്കടയിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഈരാറ്റുപേട്ട വടക്കേക്കരയിൽ മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയാൻ വേണ്ടി ടോക്കൻ പ്രൊവിഷൻ വച്ചതാണ്. എന്നാൽ പാലായിലെ അരുണാപുരത്ത് റഗുലേറ്റർ കം ബ്രിഡ്ജ് പണിയാൻ ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിതാൽ മുട്ടം ജംഗ്ഷനിലും സെൻട്രൽ ജംഗ്ഷനിലും ദിവസംതോറും ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകും.
പ്രളയം നിയന്ത്രിക്കാം
റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമായാൽ ചെളി നിറഞ്ഞുകിടക്കുന്ന ടൗണിലെ ചെക്ക്ഡാം പൊളിച്ചുകളയാൻ സാധിക്കും. ഇതുവഴി ഈരാറ്റുപേട്ടയിൽ വർഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനും സാധിക്കും. ബ്രിഡ്ജ് പണി പൂർത്തിയാകുന്നതോടുകൂടി വേനൽക്കാലത്ത് അൽമനാർ സ്കൂൾ ഭാഗം തെക്കനാറിൽ മറ്റക്കാട് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നദിയിൽ ഒന്നര മീറ്റർ ജലവിതാനം ഉയരുമെന്നു ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം ഇരു നദികളിലെയും കരയിലെ കിണറുകളിൽ ജലസമൃദ്ധി വർധിക്കും. കൂടാതെ ഇരു നദികളെയും ആശ്രയിച്ചിട്ടുള്ള ജനകീയ ജലസേചന പദ്ധതികളിലെ കിണറുകളിൽ ധാരാളം വെള്ളം ലഭിക്കും. ഇതുവഴി നഗരസഭാ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും.
ടാങ്കുകളും ടൂറിസവും
റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി പ്രകാരമുള്ള ജലം മറ്റയ്ക്കാട്, തേവരുപാറ, ഈലക്കയം, വാക്കാപറമ്പ്, അരുവിത്തുറ, വല്യച്ചൻമല എന്നിവിടങ്ങളിൽ ടാങ്കുകൾ നിർമിച്ച് അവിടങ്ങളിൽനിന്ന് ഈരാറ്റുപേട്ട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് ജല അഥോറിറ്റിക്ക് നടപടികൾ സ്വീകരിക്കാൻ സാധിക്കും. അതു കൂടാതെ ഇരുനദികളിലും പെഡൽ ബോട്ടുസവാരി ആരംഭിക്കുകയും ചെയ്താൽ നാട്ടുകാർക്കും വാഗമൺ, മാർമല, ഇല്ലിക്കൽക്കല്ല് എന്നിവിടങ്ങളിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കും.
സായാഹ്നങ്ങളില്‍ പുഴയുടെ തീരങ്ങളിൽ ആളുകള്‍ നിറയും. ഇവിടെ മിനി പാർക്കുകളും പൂന്തോട്ടങ്ങളും സ്ഥാപിക്കാൻ സാധിക്കും. ബഹുമുഖ പ്രയോജനം ചെയ്യുന്ന പദ്ധതി ഒരു ലക്ഷത്തോളം ജനങ്ങൾക്ക് പ്രയോജനം ചെയ്യും. അതുകൊണ്ട് ഈരാറ്റുപേട്ടയിൽ റഗുലേറ്റർ കം ബ്രിഡ്ജ് പണിയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.