കുറുപ്പന്തറ പുളിന്തറ വളവില്‍ വീണ്ടും അപകടം
1418242
Tuesday, April 23, 2024 6:22 AM IST
കുറുപ്പന്തറ: കുറുപ്പന്തറ പുളിന്തറ വളവില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട പാഴ്സല്‍ ലോറി റോഡരികിലെ മതിലില്‍ ഇടിച്ചാണ് ഇക്കുറി അപകടമുണ്ടായത്. കോട്ടയം - എറണാകുളം റോഡില്‍ പുളിന്തറ വളവില്‍ വീണ്ടും അപകടങ്ങള്‍ പതിവാകുകയാണ്. ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട പാഴ്സല്‍ ലോറി റോഡരികിലെ ഓടയിലേക്ക് ഇടിച്ചിറങ്ങി വീടിന്റെ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ലോറിയിടിച്ചതിനു സമീപത്തായി ട്രാന്‍സ്ഫോമര്‍ സ്ഥിതി ചെയ്യുന്നുണ്ട്. ലോറിയുടെ ദിശ അല്പം മാറിയിരുന്നെങ്കില്‍ വന്‍ദുരന്തം സംഭവിക്കുമായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞദിവസം ഇതേഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്ത് അപകടമുണ്ടായിരുന്നു.
കുറുപ്പന്തറ പുളിന്തറ വളവില്‍ അപകടങ്ങള്‍ പതിവായിട്ടും ഇവിടത്തേതുള്പ്പെടെ കോട്ടയം - എറണാകുളം റോഡിലെ അപകട വളവുകള്‍ നിവര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കടലാസിലുറങ്ങുകയാണ്.