ആവേശപൂര്ണിമയില് തെരഞ്ഞെടുപ്പ് പ്രചാരണം
1418251
Tuesday, April 23, 2024 6:22 AM IST
ചങ്ങനാശേരി: ആവേശപൂര്ണിമയില് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍. നാളെ വൈകുന്നേരം പ്രചാരണത്തിനു കൊടിയിറങ്ങും. 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണത്തിനു രണ്ടുദിനങ്ങള്മാത്രം ബാക്കിനില്‍ക്കേ സ്ഥാനാര്‍ഥികളും മുന്നണി പ്രവര്‍ത്തകരും വോട്ടുറപ്പിക്കാന്‍ അതിവേഗ പ്രവര്‍ത്തനങ്ങളിലാണ്. മൂന്നു മുന്നണികളും കുടുംബസംഗമങ്ങളും ബൂത്ത് കണ്‍വന്‍ഷനുകളും ഏകദേശം പൂര്‍ത്തിയാക്കി. സ്ലിപ്പുകളും വോട്ടിംഗ് യന്ത്രത്തിലെ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പരിചയപ്പെടുത്തുന്നതിനായി ഇന്നും നാളെയും മുന്നണി പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തും.
കഴിഞ്ഞ മൂന്നു ടേമുകളിലായി പാര്‍ലമെന്റ് മണ്ഡലത്തിലും ചങ്ങനാശേരി നിയോജകമണ്ഡലത്തിലും നടത്തിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷും യുഡിഎഫ് പ്രവര്‍ത്തകരും വോട്ടു തേടുന്നത്.
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്നതിനും വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുമടക്കം എംപിയായിരിക്കെ കൊടിക്കുന്നില്‍ നടത്തിയ ഇടപെടലുകളും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നുണ്ട്.
എംപി ഫണ്ട് നൂറുശതമാനവും വിനിയോഗിക്കുന്നതിലും ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലടക്കം വേണ്ടത്ര വികസനം എത്തിക്കുന്നതില്‍ കൊടിക്കുന്നില്‍ സുരേഷിനു കഴിഞ്ഞില്ലെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറും അഭിപ്രായപ്പെടുന്നത്. കേന്ദ്ര പദ്ധതികള്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ശ്രദ്ധ ചെലുത്തിയില്ലെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാല ചൂണ്ടിക്കാട്ടുന്നത്.
കൊടിക്കുന്നിലിന്റെ പ്രചാരണത്തിന് വര്‍ണം പകര്‍ന്ന് റോഡ്ഷോ
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ചങ്ങനാശേരി നഗരത്തില്‍ യുഡിവൈഎഫ് സംഘടിപ്പിച്ച ഇരുചക്രവാഹന റോഡ്ഷോ യുവശക്തിയുടെ കരുത്ത് തെളിയിച്ചു. എസ്ബി കോളജ് ജംഗ്ഷനില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്തു. പര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിക്കും ബിജെപിക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്നും യുഡിഎഫ് മുഴുവന്‍ സീറ്റിലും വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിവൈഎഫ് ചെയര്മാന് ജസ്റ്റിന് പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, പി.എച്ച്. നാസര്‍, പി.എസ്. സലിം, പി.എന്‍. നൗഷാദ്, ആന്റണി കുന്നുംപുറം, സോബിച്ചന് കണ്ണമ്പള്ളി, ഡെന്നിസ് ജോസഫ്, ബിബിന്‍ കടന്തോട്, മുജീബ് റഹിമാന്‍, അഭിലാഷ് വര്‍ഗീസ്, ബിലാല്‍ റഷീദ്, എം.എ. സജാദ്, നിധീഷ് കോച്ചേരി, റൗഫ് റഹിം, അശ്വിന് തുടങ്ങിയവര്‍ പ്രസംഗിച്ചു. റോഡ്ഷോ നഗരം ചുറ്റി പെരുന്നയില്‍ സമാപിച്ചു.
ഇന്ന് മാടപ്പള്ളി മണ്ഡലത്തില്‍
മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് ഇന്ന് മാടപ്പള്ളി മണ്ഡലത്തില്‍ പര്യടനം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് തെങ്ങണ ജംഗ്ഷനില്‍ ആരംഭിക്കും. തുടര്‍ന്ന് മോസ്കോ, ചേരിക്കല്‍, മാടപ്പള്ളി ബ്ലോക്ക്, പുന്നക്കുന്ന്, പെരുമ്പനച്ചി, കൊഴുപ്പക്കളം, പെരുമ്പനച്ചി, ഏഴോലിക്കല്‍, വെങ്കോട്ട, റീത്തുപള്ളി, ഇടപ്പള്ളി കോളനിവഴി മാമ്മൂട് കവലയില്‍ എത്തും.
തുടര്‍ന്ന് ദൈവംപടി, പാലമറ്റം, 28 കോളനി, തകിടി, മാന്നിലപള്ളി, പുളിയാംകുന്ന്, പൈലിക്കവല, വെള്ളുകുന്ന്, എഴുത്തുപള്ളി, വഴിപ്പടി, അഞ്ചിന് ഓർത്തഡോക്സ് പള്ളി ജംഗ്്ഷനിൽ സമാപിക്കും.ഇതിനുശേഷം ചങ്ങനാശേരി ഈസ്റ്റ്- വെസ്റ്റ് മണ്ഡലങ്ങളിലും പര്യടനം നടത്തും.
അരുണ്‍കുമാറിന്റെ റോഡ്ഷോയും പ്രചാരണവും തരംഗമായി
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിന്റെ നഗരത്തിലെ റോഡ്ഷോയും നിയോജകമണ്ഡലത്തിലെ പര്യടനസമാപനവും ആവേശമായി. പായിപ്പാട് മുക്കാഞ്ഞിരത്ത് നിന്നാരംഭിച്ച പര്യടനം കൊടുംചൂടിനെ വകവയ്ക്കാതെ അമ്പതോളം കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ചു.

പര്യടനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന് ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിള്‍ എംഎല്‍എ സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് അഭ്യര്‍ഥിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ. മോനിച്ചന് അധ്യക്ഷനായിരുന്നു. എല്‍ഡിഎഫ് നേതാക്കളായ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, കൃഷ്ണകുമാരി രാജശേഖരന്, കെ.സി. ജോസഫ്, അഡ്വ. കെ. മാധവന് പിള്ള, കെ.ഡി. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
പുതൂര്‍പ്പള്ളി ജംഗ്ഷനില്‍ പര്യടനം സമാപിച്ചശേഷം അപ്സര ജംഗ്ഷനില്‍നിന്നും ആരംഭിച്ച റോഡ് ഷോ മുനിസിപ്പല്‍ ജംഗ്ഷനില്‍ സമാപിച്ചു. വനിതകളുടെയും യുവാക്കളുടെയും കമ്പുകളി, കൈകൊട്ടിക്കളി, തിരുവാതിര കളി, വര്‍ണബലൂണുകള്‍, നിരവധി ഇരുചക്രവാഹനങ്ങള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവ റോഡ് ഷോ വര്‍ണാഭമാക്കി.
ബൈജു കലാശാല മാടപ്പള്ളി മണ്ഡലത്തില്‍ പര്യടനം നടത്തി
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാല ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ മാടപ്പള്ളി മണ്ഡലത്തില്‍ പര്യടനം നടത്തി. കുരിശുംമൂട് ജംഗ്ഷനില്‍ ആരംഭിച്ച പര്യടനം ബിജെപി സംസ്ഥാന കൗണ്‍സില്‍ അഗം എ. മനോജ് ഉദ്ഘാടനം ചെയ്തു.

ബി. കൃഷ്ണകുമാര്‍, വി.വി. വിനയകുമാര്‍, ബിജു മങ്ങാട്ടുമഠം, ബി. അശോക്, എം.ആര്. മോഹന്‍ദാസ്, ജോഷി മാത്യു, ആർ. ശ്രീജേഷ്, പി. മുരളീധരൻ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. സ്ഥാനാര്‍ഥി മാമ്മൂട്, വെങ്കോട്ട, പാലമറ്റം, കുറുമ്പനാടം, പെരുമ്പനച്ചി, എന്‍ഇഎസ് ജംഗ്ഷന്, മോസ്കോ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച് രാത്രി എട്ടിന് തെങ്ങണായില്‍ പര്യടനം സമാപിച്ചു.