ദുരന്തത്തിന് കാക്കാതെ ഈ കെട്ടിടം പൊളിക്കുമോ?
1423524
Sunday, May 19, 2024 6:55 AM IST
അതിരമ്പുഴ: അതിരമ്പുഴ ടൗണിന്റെ ഒത്തനടുവിൽ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ മൂന്നുനിലയിൽ ഒരു കെട്ടിടാവശിഷ്ടം. മഴ കനത്തു. ഇന്നും നാളെയും അതിതീവ്ര മഴയാണ്. വ്യാപാരികളും നാട്ടുകാരും ഭീതിയിലാണ്.
ടൗൺ വികസനത്തിനുവേണ്ടി ഏറ്റെടുത്ത കെട്ടിടത്തിന്റെ ബാക്കി ഭാഗമാണ്. പകുതിഭാഗം പൊളിച്ചു നീക്കിയതോടെ അവശേഷിക്കുന്ന ഭാഗം ദുർബലാവസ്ഥയിലായി. കെട്ടിടത്തിന്റെ പില്ലറുകളും ബീമുകളും സ്റ്റെയർകേസും പൊളിച്ചുനീക്കിയതോടെ യാതൊരു ബലവുമില്ലാതെയാണ് കെട്ടിടം നിൽക്കുന്നത്.
മൂന്നു നിലയുടെ ഉയരത്തിൽ നിൽക്കുന്ന ഭിത്തി ഏതു നിമിഷവും തകർന്നു വീഴാം. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ ഒരു വാട്ടർടാങ്ക് ഉണ്ട്. ഇതിൽ നിറയുന്ന മഴവെള്ളത്തിന്റെ ഭാരം കെട്ടിടം താങ്ങില്ല.
ഈ കെട്ടിടത്തിനു മുന്നിലാണ് കോട്ടയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ്. നൂറു കണക്കിന് ആളുകളാണ് ഇവിടെ ബസ് കാത്തു നിൽക്കുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും കെട്ടിടത്തോട് ചേർന്നുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലേക്കും ആളുകൾ പോകുന്നതും ഇതുവഴിയാണ്.
കെട്ടിടം തകർന്നുവീണാൽ വലിയ ദുരന്തത്തിന് സാധ്യതയുണ്ട്.
നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും മാധ്യമങ്ങളുമെല്ലാം പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർക്ക് കുലുക്കമില്ല. എന്തെങ്കിലും ദുരന്തം സംഭവിച്ചാൽ ഉത്തരവാദിത്വം ബന്ധപ്പെട്ട അധികൃതർക്ക് മാത്രമായിരിക്കുമെന്ന് നാട്ടുകാർ പറയുന്നു.
ബസ് സ്റ്റോപ്പ് മാറ്റണം
ഇന്നുമുതൽ അതിതീവ്ര മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടത്തിനു മുന്നിലുള്ള ബസ് സ്റ്റോപ്പ് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് അടിയന്തരമായി മാറ്റണം. ഓട്ടോറിക്ഷ സ്റ്റാൻഡ് കെട്ടിടത്തിന് സമീപത്തുനിന്ന് അല്പം പിന്നിലേക്ക് മാറ്റണം. കെട്ടിടത്തിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് അപകട മുന്നറിയിപ്പ് നൽകണം.
അധികൃതർ അനാസ്ഥ വെടിഞ്ഞ് ഇന്നുതന്നെ ശക്തവും അടിയന്തരവുമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.